റംസാൻ – വിഷു – ഈസ്റ്റർ ഒന്നിച്ചു വരുന്ന ഏപ്രിൽ മാസം കൺസ്യൂമർ ഫെഡ് സംഘടിപ്പിക്കുന്ന മേള മാതൃകാപരമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്. ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ ഫെസ്റ്റ് കോഴിക്കോട് മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കടുത്ത വിലക്കയറ്റത്തിലേക്ക് നാട് നീങ്ങുമ്പോൾ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ അതിനെ പ്രതിരോധിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാന സർക്കാർ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന റംസാൻഫെസ്റ്റിൽ കാരക്കയും, ഡ്രൈഫ്രൂട്ട്സും മറ്റുപഴവർഗങ്ങളും ഉൾപ്പെടുന്ന “റംസാൻ സ്പെഷ്യൽ കോർണർ” സജ്ജീകരിച്ചിട്ടിട്ടുണ്ട്. വിവിധയിനം കാരക്കകൾ, ഡ്രൈഫ്രൂട്ടുകൾ, പഴവർഗങ്ങൾ, വിവിധയിനം ബിരിയാണി അരികൾ, മസാലക്കൂട്ടുകൾ, നെയ്യ്, ഡാൽഡ, ആട്ട, മൈദ, റവ, പാൽ, തൈര് തുടങ്ങി നോമ്പുകാലത്ത് ആവശ്യമായ എല്ലായിനങ്ങളും ഇവിടെ ലഭ്യമാകും. നോമ്പുതുറ സ്പെഷ്യൽ വിഭവങ്ങളും തരിക്കഞ്ഞി പോലുള്ള ലഘു പാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാകുന്ന റംസാൻ സ്പെഷ്യൽ സ്നാക്സ്ബാർ ആറാം തിയ്യതി മുതൽ ആരംഭിക്കും. ഹോം ഡെലിവറി സൗകര്യത്തിനായി www.consumerfed. എന്ന വെബ്സൈറ്റിൽ ഓർഡർ ചെയ്യാവുന്നതാണ്.
സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗസാധനങ്ങൾ 30 ശതമാനം മുതൽ
60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്ന
വിഷു-ഈസ്റ്റർ-റംസാൻ സഹകരണവിപണി ഏപ്രിൽ 12 ന് ആരംഭിക്കും.
റീജണൽ മാനേജർ പി.കെ. അനിൽകുമാർ സ്വാഗതവും അസിസ്റ്റന്റ് റീജണൽ മാനേജർ വൈ. എം. പ്രവീൺ നന്ദിയും പറഞ്ഞു.