രണ്ട് വയസില്‍ താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പതിവ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മിഷന്‍ ഇന്ദ്രധനുഷി’ന്റെ രണ്ടാം ഘട്ടം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പല കാരണങ്ങളാല്‍ പതിവ് വാക്‌സിനേഷന്‍ എടുക്കാന്‍ വിട്ടുപോയ ഗര്‍ഭിണികൾക്കും രണ്ട് വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്കുമുള്ള ബി.സി.ജി, ഒ.പി.വി, ഐ.പി.വി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്സിന്‍, എം.ആര്‍, ഡി.പി.റ്റി, ടി.ഡി തുടങ്ങിയ വാക്‌സിനുകളാണ് നല്‍കുക. 316 സെഷനുകളിലായി 3081 കുഞ്ഞുങ്ങള്‍ക്കും 915 ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഏപ്രില്‍ 4 മുതല്‍ 7 ദിവസങ്ങളിലായി എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വച്ചും ഫീല്‍ഡ് തലത്തില്‍ നേരിട്ട് ചെന്നും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മിഷന്‍ ഇന്ദ്രധനുഷിന്റെ ഒന്നാം ഘട്ടത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ 14 വരെ 2157 കുഞ്ഞുങ്ങള്‍ക്കും 703 ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. പതിവ് വാക്‌സിനേഷനില്‍ 90 ശതമാനത്തില്‍ കുറവുള്ള ഒമ്പത് ജില്ലകളില്‍ കോഴിക്കോടും ഉള്‍പ്പെട്ടതിനാലാണ് മിഷന്‍ ഇന്ദ്രധനുഷ് ദൗത്യം ജില്ലയില്‍ നടപ്പിലാക്കുന്നത്. ദൗത്യത്തിന്റെ മൂന്നാം ഘട്ടം മെയ് ഏഴിന് ആരംഭിക്കും.
ഒരു തലമുറയെ മാരകമായ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും സാമൂഹിക ആരോഗ്യം ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഈ ദൗത്യത്തില്‍ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നും കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.