കീവ്: സ്വകാര്യ സൈനിക കമ്പനിയായ വാഗ്‌നറില്‍ നിന്നുള്ള കൂലിപ്പട്ടാളക്കാരുമായാണു റഷ്യന്‍ സൈന്യം കിഴക്കന്‍മേഖലയിലേക്കു നീങ്ങുന്നതെന്നു ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പട്ടാളം എല്ലാം തകര്‍ക്കുമെന്നും നഗരവാസികള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ സെര്‍ഹി ഗയ്ദെ ടെലിവിഷനിലൂടെ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഞായറാഴ്ച മാത്രം തുറമുഖനഗരമായ മരിയുപോളില്‍നിന്നും ലുഹാന്‍സ്‌കില്‍നിന്നുമായി 2600 പേരെ ഒഴിപ്പിച്ചെന്നു യുക്രൈന്‍ ഉപപ്രധാനമന്ത്രി ഇെറെന വെറെഷ്ചുക് അറിയിച്ചു. ഒഴിപ്പിക്കലിനായി റെഡ് ക്രോസിന്റെ ബസുകള്‍ മരിയുപോളിലേക്കു പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ച നടത്തിവരുകയാെണന്നും അവര്‍ പറഞ്ഞു. യുക്രൈനുമായുള്ള ചര്‍ച്ചകള്‍ ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പുനരാരംഭിക്കുമെന്നു റഷ്യന്‍ പ്രതിനിധിസംഘത്തലവന്‍ വല്‍ദിമിര്‍ മെഡിന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ബുച്ചയില്‍ അരങ്ങേറിയതു വംശഹത്യയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. മൃഗങ്ങളോടു പോലും ചെയ്യാത്ത ക്രൂരതയാണ് റഷ്യന്‍ സേന ബുച്ചയില്‍ നടത്തിയതെന്നും പ്രദേശം സന്ദര്‍ശിച്ച് സെലന്‍സ്‌കി പറഞ്ഞു.
മനഃസാക്ഷി മരവിച്ച റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ െബെഡന്‍ ആവശ്യപ്പെട്ടു. ബുച്ച കൂട്ടക്കൊല റഷ്യ നടത്തുന്ന ഹീനമായ ആക്രമണത്തിന്റെ നേര്‍സാക്ഷ്യമാണ്.
അതിന്റെ അനന്തരഫലം റഷ്യയും പുടിനും അനുഭവിക്കണം. റഷ്യക്കെതിരേ കൂടുതല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും െബെഡന്‍ ഭീഷണി മുഴക്കി.

