മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ

മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നതാണ് ഇപ്പോൾ വർധിച്ച് 124 രൂപയായത്. 2022 ജനുവരി 18-ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസക്കാലം കൊണ്ട് മണ്ണെണ്ണ വിലയിൽ ഉണ്ടായ വർധനവ് 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടി നിൽക്കുന്ന ഒരു സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രധാനമായും മണ്ണെണ്ണയെ മത്സ്യബന്ധനത്തിനുള്ള ഇന്ധനമായി ആശ്രയിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ വിലവർധനവ് താങ്ങാവുന്നതിലും അധികമാണ്.
ഇതിനു പുറമെ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വഴി മൽസ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് 19 രൂപ വർധിപ്പിച്ചു ലിറ്ററിന് 82 രൂപയാക്കിയത് മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം  ജനുവരിയിൽ 59 രൂപയായിരുന്ന നിലയിൽ നിന്നാണ് ഈ വർധനവ്. പൊതുവിപണിയിൽ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്ന സമയത്തും മൽസ്യത്തൊഴിലാളികൾക്ക് ആശ്വാസമായിരുന്നതാണ് സിവിൽ സപ്ലൈസ് വഴിയുള്ള ഈ മണ്ണെണ്ണ വിതരണം.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 32000- ത്തോളം വരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരിക. എന്നാൽ വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയിൽ ഗണ്യമായ കുറവ് വരുത്തിയതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ പത്തുശതമാനം പോലും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നില്ല. ആയതിനാൽ പരമ്പരാഗത  തൊഴിലാളികൾ ഉയർന്ന വില നൽകി മണ്ണെണ്ണ പൊതുവിപണിയിൽ നിന്നും വാങ്ങേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളത്. സംസ്ഥാനത്ത് കാർഷിക ആവശ്യത്തിനും ഉത്സവവേളകളിലെ മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും മത്സ്യബന്ധനത്തിനും കേന്ദ്ര സർക്കാർ അനുവദിക്കുന്ന പ്രത്യേക വിഹിതമായ സബ്സിഡി രഹിത മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. നിലവിൽ ഇത്തരത്തിൽ അനുവദിക്കുന്ന സബ്സിഡി രഹിത മണ്ണെണ്ണയ്ക്ക് 82 രൂപയാണ് വില. സിവിൽ സപ്ലൈസ് വകുപ്പ് വഴിയാണ് ഇത് അനുവദിക്കുന്നത്.  മതിയായ അളവിൽ മണ്ണെണ്ണ കേന്ദ്രം നൽകാത്തതിനാൽ ജനുവരി മാസത്തിൽ അനുവദിക്കേണ്ട 129 ലിറ്ററിന് പകരമായി പെർമിറ്റ് ഒന്നിന് 89 ലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് അനുവദിച്ചിട്ടുമില്ല. പെട്രോളിയം ഉൽപങ്ങളുടെ വില നിർണ്ണയ അവകാശം എണ്ണ കമ്പനികൾക്കായതിനെ തുടർന്നാണ് ഇത്തരത്തിൽ മണ്ണെണ്ണയുടെയടക്കം വില ഉയരുന്നത്. പരമ്പരാഗത തൊഴിൽ എന്ന നിലയിലും ഏറെ പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖല എന്ന പരിഗണന നൽകിയും പരമ്പരാഗത  മത്സ്യത്തൊഴിലാളികൾക്ക്  ആവശ്യാനുസരണം മണ്ണെണ്ണ വില കുറച്ചു നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രയത്‌നിക്കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരാശാജനകവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി സബ്സിഡി രഹിത മണ്ണെണ്ണ വിഹിതം കൂട്ടി നൽകുവാൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയ്ക്ക് രണ്ട് തവണ കത്ത് നൽകിയെങ്കിലും അനുകൂലതീരുമാനം ലഭ്യമായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള മണ്ണെണ്ണ കൃത്യതയും സുതാര്യതയും ഉറപ്പാക്കി ലാന്റിംഗ് സെന്ററുകളിൽ തന്നെ മണ്ണെണ്ണ ബങ്കുകൾ സ്ഥാപിച്ച് മത്സ്യഫെഡ് മുഖേന വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിനെ മൊത്തവിതരണ ഡീലർ  ആക്കുന്നതിനുള്ള അപേക്ഷയിലും നിഷേധാത്മക സമീപനമാണ് ഉണ്ടായത്.
പൊതുവിപണിയിലെയും സബ്സിഡി മുഖാന്തിരം വിതരണം ചെയ്യുന്നതുമായ മണ്ണെണ്ണയുടെ വിലവർധന അടിയന്തിരമായി പിൻവലിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും മത്സ്യബന്ധനത്തിന് ആവശ്യമായത്രയും മണ്ണെണ്ണ വിലകുറച്ചു നൽകുവാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →