വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം

രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു നേതാക്കളാണ് വിരോധ പ്രകടനങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.


മനുഷ്യകുലത്തില്‍ നിന്ന് ഈ പത്രപ്രവര്‍ത്തകനെ പുറം തള്ളണം എന്ന് പറഞ്ഞ ഒരു എംഎല്‍എ, ജനപ്രതിനിധിയായി പോയി എന്ന് ഗതികേട് ഇല്ലായിരുന്നുവെങ്കില്‍ തട്ടിക്കളയുമായിരുന്നു എന്നും പ്രസംഗിച്ചു.പാര്‍ട്ടിയുടെ പൊതുവികാരമാണ് ഇവരെല്ലാം പ്രകടിപ്പിക്കുന്നത് എന്ന് വ്യക്തം.


സാമൂഹ്യ മാധ്യമങ്ങളിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്. മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ എതിര്‍പ്പിന്റെ പ്രകടനങ്ങള്‍ തരംഗങ്ങളായി തുടരുന്നു. ഒരു ജേര്‍ണലിസ്റ്റിനു ചുറ്റും ഉയരുന്ന സമ്മര്‍ദ്ദവും ഭീഷണിയും കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈ വെട്ടുന്നതിന് മുന്‍പുള്ള ദിവസങ്ങളാണ്. പ്രവാചകനെ മണ്ടനെന്ന് കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല അങ്ങനെ പരീക്ഷ എഴുതിയില്ലെങ്കില്‍ ജയിക്കുകയില്ലാത്ത സ്ഥിതിയും ഉണ്ടാക്കിയിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ആക്രോശിക്കുകയും ചെയ്ത ദിവസങ്ങള്‍ ആയിരുന്നല്ലോ അത്.

നികൃഷ്ടമായ പ്രവര്‍ത്തിയെന്ന് പഴി കേള്‍ക്കേണ്ടി വന്ന ആ ചോദ്യത്തിലേക്ക് പോകാം.

പണിമുടക്ക് ദിവസം കേരളത്തില്‍ പലയിടത്തും റോഡില്‍ ഇറങ്ങിയവര്‍ ആക്രമിക്കപ്പെട്ടു. കുറേയെണ്ണം അപ്പോള്‍ തന്നെ ടെലിവിഷന്‍ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിച്ചു. മറ്റു ചിലത് വ്യക്തികള്‍ പകര്‍ത്തിയവ ആയിരുന്നു. വീഡിയോഗ്രാഫി യുടെ പ്രൊഫഷണലിസം ഇല്ലാതെ മുറിഞ്ഞതും വാലും തലയും ഇല്ലാത്തതുമൊക്കെയായ ആ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും പ്രചരിച്ചു. ഇതെല്ലാം ജനങ്ങളില്‍ എത്തിക്കൊണ്ടിരിക്കെയാണ് ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ഒന്നാമത്തെ ചോദ്യമായി ഇപ്പോള്‍ നികൃഷ്ടമായി മാറിയ ചോദ്യം ഉണ്ടായത്.

നികൃഷ്ടമായ ചോദ്യം വന്ന വഴി

പണിമുടക്കുന്നത് അവകാശമാണ് അവര്‍ക്ക് അങ്ങനെ ചെയ്യാം. പണി മുടക്കാത്തവര്‍ക്ക് അങ്ങനെയും ചെയ്യാം.അതിനും സ്വാതന്ത്ര്യമുണ്ട്. ഇതൊന്നുമായി ബന്ധമില്ലാത്തവര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കായി റോഡില്‍ ഇറങ്ങാനും സഞ്ചരിക്കാനും അവകാശമുണ്ട്. അങ്ങനെ ഇറങ്ങിയവരെ മൂക്കിനിടിച്ച് വീഴിക്കുകയും തല്ലി ഓടിക്കുകയും ചെയ്യുന്ന സംഘടിത പ്രവര്‍ത്തിയെ ചെറുതായി കാണാമോ? അതിനെ തീരെ ചെറുതാക്കി ചിത്രീകരിക്കുകയും അവിടെയുമിവിടെയും ചിലരെ ‘പിച്ചി മാന്തി’ എന്നൊക്കെ വാര്‍ത്ത കൊടുത്ത് പണിമുടക്കിനെയും വിജയത്തെയും മാധ്യമങ്ങള്‍ വികൃതമാക്കി എന്ന് പ്രതികരിച്ച നേതാവ് പറയുന്നത് ശരിയാണോ? എങ്കില്‍ അങ്ങനെ പറഞ്ഞ നേതാവിന്റെയോ ബന്ധുക്കളുടെയോ മൂക്ക് ആണ് ഇടിച്ചുതകര്‍ത്തിരുന്നതെങ്കില്‍ നിസ്സാരമായ. ‘പിച്ചലും’ ‘മാന്തലു’മായി കരുതുമായിരുന്നോ? ഇങ്ങനെയായിരുന്നു കാര്യങ്ങൾ അവതരിപ്പിച്ചത്. ഒടുവിലത്തെ ചോദ്യമാണ് നികൃഷ്ടമായി മാറിയിരിക്കുന്നത്. ഇങ്ങനെ ചോദിച്ചതിന് ബിനുവിനെ മനുഷ്യകുലത്തില്‍ നിന്ന് ഇല്ലാതാക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയത്തിലും സ്വർഗനരകങ്ങൾ

പാപം, നിത്യനരകം എന്നൊക്കെ പറയുന്ന തരം സ്ഥലങ്ങള്‍ ട്രേഡ് യൂണിയന്‍ സമരത്തിലും രാഷ്ട്രീയത്തിലും ഉള്ളതുപോലെ തോന്നി പോകുന്ന വിധമാണ് പ്രതികരണങ്ങള്‍ . പുണ്യവും സ്വര്‍ഗ്ഗവും നഷ്ടമാകുകയും പാപവും നരകവും സമ്മാനിക്കുകയും ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യുന്നയാളെ മനുഷ്യകുലത്തില്‍ നിന്ന് തന്നെ നീക്കി കളയുവാന്‍ ചില മതഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. സ്വര്‍ഗ്ഗനരകങ്ങള്‍ രാഷ്ട്രീയത്തിലും അവതരിക്കുകയും രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് നരക പാത തുറക്കുകയും ചെയ്താൽ എന്ന പോലെ ഒരു തരം വിഭ്രാന്തി ആണ് ഈ പ്രതികരണങ്ങളുടെ വികാര പരിസരം. ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയനേതാക്കളുടെയും മുമ്പില്‍ നരകം തുറന്നിട്ട ചോദ്യം നികൃഷ്ടം എന്ന് അവര്‍ പറഞ്ഞത് സ്വാഭാവികം. ന്യായം.

ഏതു വിധമാണ് ആ ചോദ്യം നരകതുല്യം നികൃഷ്ടം ആകുന്നത്

രണ്ടുവിധത്തിലാണ്.

ഒന്ന്. സംഘടനകള്‍ക്ക് ശരിയെന്നു തോന്നുന്ന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വ്യക്തികള്‍ നിശബ്ദരായിരിക്കണം. കീഴടങ്ങണം അനുസരിക്കണം.

രണ്ട്. വ്യക്തിയും സംഘടിതശക്തിയെ പ്രതിനിധീകരിക്കുന്ന നേതാവും തമ്മിൽ തുല്യരല്ല. വ്യക്തിയുടെ മൂക്ക് ഇടിച്ച് തകര്‍ത്ത നടപടി ശരിയും സാധാരണവും സ്വാഭാവികവും ആണ്. വലിയ ലക്ഷ്യങ്ങള്‍ ക്കുള്ള രഥമുരുട്ടി വരുമ്പോള്‍ വഴിയില്‍ കണ്ട വെറുമൊരു ജീവി മാത്രമാണ് അയാള്‍. അയാള്‍ക്ക് നേരെ ചെയ്തത് നേതാവിനോ അയാളുടെ പ്രഭാവത്തിന്റെ ദിവ്യ ചൈതന്യം പ്രസരിക്കുന്നത് ഏറ്റുവാങ്ങുന്ന ബന്ധുമിത്രാദികള്‍ക്കോ നേരെ ചെയ്യുന്നതോ ആയ ഉപമയും പാടില്ല. വെറും പശുവിനെയും വിശുദ്ധ പശുവിനെയും ഒരു തൊഴുത്തില്‍ കെട്ടാന്‍ പാടില്ല. അത്തരം ഉപമകളും രൂപകങ്ങളും പോലും പാടില്ല. കാരണം സമീകരണ ങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാനിടയാകും. രണ്ടുപേരും തുല്യരാണെന്ന ചിന്ത വരും.

അത് വിശുദ്ധ പശുവിനെ വെറും പശുവായി ധരിക്കാന്‍ ഇടയാക്കും. അത് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള പതനമാണ്. ശക്തി, സ്വാധീനം, ദിവ്യത, അതി മാനുഷ പ്രഭാവം – ഈ സ്വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള പതനങ്ങളാണ്. മുഖം ഇല്ലായ്മ, നിസ്സാരത, ദുര്‍ബലത, അഗണ്യത, സാധാരണത ഇതെല്ലാം നിറഞ്ഞ നരകത്തിലേക്കാണ് പതനം. നേതാവും പൗരനും തുല്യരല്ല. അത്തരം സമീപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മനുഷ്യകുലത്തില്‍ നിന്ന് തന്നെ നീക്കിക്കളയേണം. ഇതാണ് രണ്ടാമത്തെ വശത്തിന്റെ പിന്നിലെ മനോഭാവം.

ഈ രണ്ട് വശങ്ങളെയും ഒന്നുകൂടി വിശദമായി പരിശോധിക്കാം.

നിശബ്ദനും വിധേയനുമായ വ്യക്തി

ആദ്യം ആദ്യത്തേത്. സംഘടിത ശക്തിക്കു മുന്‍പില്‍ വ്യക്തി നിശബ്ദനും വിധേയമായിരിക്കണം എന്ന കാര്യം തന്നെ. അങ്ങനെ വിധേയനായി ഇരിക്കണോ? ആയിരിക്കണം എന്ന് പറയുന്ന വ്യവസ്ഥകളും ഉണ്ട്. അല്ലാത്തവയും ഉണ്ട്. രാജവാഴ്ച, നെപ്പോളിയന്റേതുപോലുള്ള സ്വേച്ഛാധിപതി വാഴ്ച, ഹിറ്റ്‌ലറുടെതു പോലുള്ള വംശ ആധിപത്യം പാര്‍ട്ടി വാഴ്ച, പഴയ സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, കമ്പോഡിയ ചൈന പോലുള്ള കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വാഴ്ചകള്‍, മത വാഴ്ചകള്‍, ആഫ്രിക്കന്‍ ഗോത്ര വാഴ്ചകള്‍ ഇവയിലെല്ലാം വ്യക്തി നിശബ്ദനും വിധേയമായിരിക്കണം. അത് നിയമവും അവിടത്തെ ശരിയുമാണ്. വിധേയമായി ഇല്ലെങ്കില്‍ തല്ലാം, കൊല്ലാം ജയിലില്‍ ഇടാം.

പൌരൻ എന്ന വ്യക്തി

പാശ്ചാത്യ ജനാധിപത്യവാഴ്ചകള്‍, ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ വാഴ്ച ഇവയെല്ലാം മറ്റൊരു വിധത്തിലാണ്. അവിടെ ഭരണം നടത്തുന്നതിനുള്ള ചട്ടക്കൂടിന്റെ ലക്ഷം വ്യക്തിയുടെ അവകാശങ്ങളും അന്തസ്സും മാന്യതയും ജീവിക്കാനുള്ള അവകാശവും ആണ്. അത് സംരക്ഷിക്കാനാണ് പാര്‍ലമെന്റ്, മന്ത്രിസഭ, ബ്യൂറോക്രസി, കോടതി, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത്. വ്യക്തിയാണ് ഒന്നാമത്. ഭരണഘടന അവകാശങ്ങള്‍ വ്യക്തിക്കാണ്. മതത്തിനോ ജാതിക്കോ പാര്‍ട്ടിക്കോ ഭരണാധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ഒന്നുമല്ല. എല്ലാ സാമൂഹ്യ പരിഗണനകളിലും അവസരങ്ങളിലും വ്യക്തികള്‍ തുല്യരാണ്. വ്യക്തിയാണ് അടിസ്ഥാന ഘടകം.

ഈ രണ്ടു കൂട്ടരും രണ്ടു രാഷ്ട്രീയ സങ്കല്‍പ്പങ്ങളുടെയും സമ്പ്രദായങ്ങളുടെയും പ്രയോഗത്തിന്റെയും വക്താക്കളാണ്. അളവുകോലുകളും ഭാഷയും രണ്ടാണ്. തുളു ഭാഷ ദോജ്പൂരി പറയുന്നവന് മനസ്സിലാകാത്തതുപോലെയും തിരിച്ചും ആണ് കാര്യങ്ങള്‍. രണ്ടും രണ്ടു ലോകങ്ങള്‍. രണ്ടുതരം മനുഷ്യ സങ്കല്പങ്ങള്‍.

പണിമുടക്കും രണ്ടു ചിന്തകളും

കുറേ സംഘടനകള്‍ പണിമുടക്കാന്‍ തീരുമാനിക്കുന്നു. അത് പൊതുനന്മയ്ക്കായി ആണ് . പണി മുടക്കുന്നവര്‍ പൊതു നന്മയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനവും ത്യാഗവുമാണ്. അത് നന്മയാണ് ശരിയാണ്. വ്യക്തി അതിന് വിധേയമാകണം. നിശബ്ദനാകണം. ശബ്ദിച്ചാല്‍ ശക്തികൊണ്ട് നിശബ്ദനാക്കി നന്മയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാം. ഇതായിരുന്നു പണിമുടക്ക് പക്ഷ ചിന്ത.

രണ്ടാമത്തെ ചിന്ത.

പണിമുടക്കുന്നത് പണിമുടക്കുന്നവരുടെ അവകാശം. ആ അവകാശമില്ലെങ്കിൽ തൊഴിലാളി അടിമയായി മാറും. പണിമുടക്കിനോട് തൊഴിലാളിക്ക് വിയോജിക്കാം യോജിക്കാം. പക്ഷേ എതിര്‍ക്കാനോ തകര്‍ക്കാനോ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഇല്ല. കാരണം പണി മുടക്കാനും മുടക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരേ സ്വാതന്ത്ര്യവും അവകാശവും ആണ്. അതുകൊണ്ട് പണിമുടക്കാന്‍ ഉള്ള അവകാശത്തിനുവേണ്ടി പണിമുടക്കാത്തവരും നിലകൊള്ളണം. തിരികെയും. അത് ജനാധിപത്യ കാഴ്ചപ്പാട്.

പോപ്പും കപ്യാരും തുല്യരല്ല.

പണിമുടക്ക് ദിവസം റോഡിൽ ഇറങ്ങിയവർക്ക് തല്ല് കൊടുക്കുവാന്‍ സംഘടിതശക്തികളായ പാര്‍ട്ടി യൂണിയന്‍ എന്നിവയ്ക്ക് അവകാശമുണ്ട്. കാരണം വ്യക്തി ആരുമല്ല. ഒന്നുമല്ല. പാര്‍ട്ടി യൂണിയന്‍ തുടങ്ങിയവരുടെ മുന്നിലോ അതിന്റെ നേതാക്കളുമായോ യാതൊരു വിധത്തിലും തുല്യനല്ല വ്യക്തി. അങ്ങനെ തുല്യത ആരോപിക്കുന്നത് പോലും തെറ്റാണ്.

ഭരണാധികാരി പാര്‍ട്ടി തലവന്‍ ഇങ്ങനെയുള്ള വ്യക്തികള്‍ ഒരു വിധത്തിലും മറ്റ് പൗരന്മാരുമായോ അതിലെ തന്നെ അംഗങ്ങളുമായോ തുല്യനല്ല.

പോപ്പും കപ്യാരും തുല്യരല്ല. പൊളിറ്റ് ബ്യൂറോ അംഗവും ബ്രാഞ്ച് സെക്രട്ടറിയും തുല്യരല്ല.

ആകാന്‍ അനുവാദവുമില്ല. അത്തരം ചിന്തകള്‍ ഉണ്ടാക്കുന്ന സമീകരണങ്ങള്‍ നികൃഷ്ടമാണ്. ദൈവനിന്ദ പോലെ പാപജനകമാണ്. അതു ചെയ്യുന്നവർക്കെതിരെ രാജദ്രോഹം, രാജ്യദ്രോഹം, ദൈവ ദ്രോഹം, പാര്‍ട്ടി ദ്രോഹം തുടങ്ങി ഏത് പാപങ്ങളും ആരോപിക്കാം. പലയിടങ്ങളിലും വധശിക്ഷയാണ് പാപപരിഹാരം.

ചോദ്യത്തിലെന്ത് നികൃഷ്ടത

പക്ഷേ ഇന്ത്യന്‍ ഭരണഘടന വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും സംരക്ഷിക്കാനുള്ള ഭരണഘടന ആയതിനാല്‍ പണി മുടക്കാനും പണിമുടക്കാ തിരിക്കാനുമുള്ള അവകാശങ്ങളെ ഒരേപോലെ കരുതി സംരക്ഷിക്കുന്നു. ഈ പക്ഷത്തു നിന്നുള്ള ചോദ്യങ്ങളാണ് ഏഷ്യാനെറ്റ് അവതാരകന്‍ ചോദിച്ചത്.

വിചിത്രമായത് മറ്റൊരു കാര്യം ചോദ്യം പണിമുടക്കാനുള്ള അവകാശത്തെപ്പറ്റി ആയിരുന്നില്ല

പണിമുടക്കുകയോ മുടുക്കാതിരിക്കുകയോ ചെയ്യാത്തവര്‍ റോഡിലിറങ്ങിയതിന് ആക്രമിച്ചത് പിച്ചലും മാന്തലുണെന്ന് പറഞ്ഞ് നിസാരമാക്കിയത് ശരിയോ? ആ പിച്ചലും മാന്തലും പറഞ്ഞ നേതാവിനോ ബന്ധുമിത്രാദികള്‍ക്കോ നേരെ പിച്ചലും മാന്തലും അനുവദിക്കുമോ? ഇങ്ങനെ ചോദിച്ചതാണ് പ്രകോപനമായത്.

സാധാരണ വ്യക്തിയെയും നേതാവിനെയും തുല്യമാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം. ബ്രാഹ്മണന്‍ – ശുദ്രന്‍, നാസി-ജൂതന്‍, വിപ്ലവകാരി- തിരുത്തല്‍വാദി, വിശ്വാസി-അവിശ്വാസി, നേതാവ്-പൌരൻ ഇവ തുല്യംമല്ലെന്നും തുല്യമാകില്ലെന്നുമാണ് മനോഭാവം.

ഇത്തരം ദ്വന്ദങ്ങള്‍ ഇല്ലെന്നും എല്ലാം തുല്യ തയാര്‍ന്ന മനുഷ്യന്‍ എന്ന ഏകമെന്ന മനോഭാവം കേരളത്തില്‍ അധികം പാർട്ടികൾക്കും നേതാക്കൾക്കും ഇഷ്ടമല്ല. ബിനു വി ജോണിനെതിരെയുള്ള ഭീഷണികളെ നിശബ്ദതയോടെ സ്വീകരിക്കുന്നസാംസ്കാരിക-ബുദ്ധിജീവലോകവും അങ്ങനെത്തന്നെ സൂചിപ്പിക്കുന്നു. രാഷ്ട്രീയപ്രവർത്തനവും സാംസ്കാരികപ്രവർത്തനവും സംഘടിപ്പിക്കുന്നതിന് ഭരണഘടന വായിച്ചുനോക്കേണ്ട ഗതികേടൊന്നും വന്നിട്ടില്ലെന്നാണ് കേരളത്തിൽ മനോഭാവം. മറ്റിടങ്ങളിൽ വർത്തമാനം പറയണമെങ്കിലും നാടകം കളിക്കണമെങ്കിലും ഭരണഘടനാവകാശം വേണം തന്നെ.

Share