കൊച്ചി: സർക്കാരിന്റെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുന്നുവെന്ന് കെസിബിസി അറിയിച്ചു. മദ്യാസക്തയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്കാരത്തെ നവോത്ഥാനമെന്ന് എങ്ങിനെ വിളിക്കാനാകുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചോദിച്ചു. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മദ്യലോബികളുടെ പ്രീണനത്തിൽപ്പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. കൂടിയാലോചന നടത്തി മദ്യനയത്തിൽ സമൂല മാറ്റമുണ്ടാക്കണമെന്നും ഇല്ലെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മദ്യവിരുദ്ധ സമിതി കൂട്ടിച്ചേർത്തു.
പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകൾ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതുക്കിയ മദ്യ നയത്തിന് 2022ഏപ്രിൽ 1ന് ചേർന്ന മന്ത്രി സഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അംഗീകരിച്ചത്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് തുടരാൻ തീരുമാനിക്കുകയായിരുന്നു. 10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകൾ ഐടി പാർക്കിനുള്ളിൽ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം. ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.
സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ മദ്യ നയം പുതുക്കിയത്.
നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിൻറെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം 60000 പേർ ജോലി ചെയ്യുന്നുണ്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവർക്കായി മദ്യശാലകൾ തുറക്കുന്നത്, കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ

