ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും ആലയ് രജിസ്ട്രേഷന്റെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും, സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്വെയറിന്റെയും രെജിസ്‌ട്രേഷന്റെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു നിർവഹിച്ചു. കേരളത്തിൽ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ കെട്ടിടങ്ങളും കെട്ടിട സമുച്ചയങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി, സാമൂഹിക സുരക്ഷ പദ്ധതിയടക്കം തദ്ദേശീയ തൊഴിലാളികൾക്കായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന്റെ ഭാഗമായി ഇപ്പോൾ ഉദ്ഘാടനം ചെയ്ത അഞ്ചു സെന്ററുകൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും  ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ബംഗാളി, ഹിന്ദി, മലയാളം ഭാഷകൾ കൈകാര്യം ചെയ്യുന്ന ഫെസിലിറ്റേറ്റർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ജോലി, ബാങ്കിങ്, ആരോഗ്യം, യാത്ര, അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ, നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. 
തിരുവനന്തപുരം വിഴിഞ്ഞത്തു നടന്ന   ചടങ്ങിൽ തൃശൂർ, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ വെർച്വലായാണ് ഉദ്ഘാടനം ചെയ്തത്. ഒരേ സമയത്തു ഓൺലൈൻ  ആയി അഞ്ചു ജില്ലകളിലെ സെന്ററുകൾ മന്ത്രി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു. അതിഥി തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യമൊരുക്കാനായി സർക്കാർ ആലയ് എന്ന പേരിൽ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

അതിഥി തൊഴിലാളികൾക്ക് 6.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫ്‌ലോർ ഏരിയയും അടുക്കളയും ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത് . ഇതിനായി തൊഴിൽ വകുപ്പ് തറയാറാക്കിയിട്ടുള്ള  പോർട്ടലിലൂടെ സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ വാടക കെട്ടിടങ്ങളും വിവരങ്ങളും  രജിസ്റ്റർ ചെയ്യാം. ഈ പോർട്ടൽ പരിശോധിച്ച് അതിഥി തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ലാതെ ഉചിതമായ താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മന്ത്രി ഉദ്ഘാടനം ചെയ്തു.  എം. വിൻസെന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ  കമ്മീഷണർ ഡോ.എസ് ചിത്ര  എന്നിവർ പങ്കെടുത്തു. അതിഥി തൊഴിലാളികൾക്കുള്ള ആവാസ് കാർഡുകളും മന്ത്രി വിതരണം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →