ബംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ ആദ്യ ദിനം പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത് 20,994 വിദ്യാര്‍ഥികളെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപോര്‍ട്ട്. ഹിജാബ് നിരോധന വിവാദത്തിനിടെയാണ് സംഭവം. ഒന്നാം ദിവസം, ഒന്നാം ഭാഷയ്ക്കുള്ള (പ്രധാനമായും കന്നഡ) പരീക്ഷ നടന്നു, സംസ്ഥാനത്തുടനീളമുള്ള 3,444 കേന്ദ്രങ്ങളിലായി 8,48,405 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. 97.59 ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോഴും 8,69,399 വിദ്യാര്‍ഥികളില്‍ 20,994 പേര്‍ ഹാജരായില്ല. കഴിഞ്ഞ അധ്യയന വര്‍ഷം 8,19,398 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് എന്റോള്‍ ചെയ്തപ്പോള്‍, ആദ്യ പരീക്ഷാ ദിവസം ഹാജരാകാത്തവരുടെ എണ്ണം 3,769 ആയിരുന്നു. അതേസമയം, ഇത്തവണ ഹാജരാകാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ കാരണം എത്ര വിദ്യാര്‍ഥികള്‍ ഹാജരാകാത്തതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കര്‍ണാടക സെക്കന്‍ഡറി എജ്യുക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ (പരീക്ഷ) എച്ച് എന്‍ ഗോപാല്‍കൃഷ്ണ പറഞ്ഞു. ഹാജരാകാത്ത മൊത്തം മുസ് ലിം വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ഇനിയും സമാഹരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ വിശാല്‍ ആര്‍ പറഞ്ഞു
കര്‍ണാടകയില്‍ ബോര്‍ഡ് പരീക്ഷയുടെ ആദ്യ ദിനം ഹാജരാകാതെ 20,994 വിദ്യാര്‍ഥികള്‍
