ചെറുപുഴയിൽ ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് തുറന്നു
വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്‌നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദസഞ്ചാര മേഖലയിൽ സാധ്യമായ ആധുനിക രീതികൾ അവലംബിക്കും. കാരവൻ ടൂറിസം, വെഡിംഗ് ടൂറിസം, റിവഞ്ച് ടൂറിസം തുടങ്ങിയ നൂതന സാധ്യതകളെല്ലാം പരീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ചിന് കണ്ണൂർ ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇക്കോ ടൂറിസം സൊസൈറ്റികളുമായി ചേർന്ന് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കണം. വിനോദ സഞ്ചാര മേഖലയിലെ പ്രധാന പ്രശ്‌നങ്ങളായ ശുചിത്വം, പരിപാലനം എന്നിവ പരിഗണിച്ചു കൊണ്ട് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
ചെറുപുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല നിർവഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്‌സണ്ടർ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി സത്യപാലൻ നിക്ഷേപം ഏറ്റുവാങ്ങി. ഡിടിപിസി ജില്ലാ സെക്രട്ടറി ജിതേഷ് കുമാർ, ജനപ്രതിനിധികൾ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.