ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഗ്രീന്‍ ചാനല്‍ സംവിധാനം ഒരുങ്ങുന്നു

പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് തിരഞ്ഞെടുക്കപ്പെട്ട വടകര നഗരസഭയിലെ ഗുണഭോക്താക്കള്‍ ധനസഹായത്തിന്റെ വിവിധ ഗഡുക്കള്‍ ലഭിക്കുന്നതിന് അപേക്ഷയുമായി ഇനി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട. സേവനം അതിവേഗം ലഭിക്കുന്നതിനായി നഗരസഭ ഗ്രീന്‍ചാനല്‍ സംവിധാനം ഒരുക്കുന്നു.

വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഗുണഭോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് നഗരസഭ നിയോഗിക്കുന്ന ജിയോടാഗ് സര്‍വേയര്‍ വീടുകളിലെത്തും. ഇതിലൂടെ പിഎംഎവൈ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തില്‍ ആനുകൂല്യം ലഭ്യമാക്കും. പുതിയ ഡി.പി.ആറില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് ഗ്രീന്‍ ചാനല്‍ സംവിധാനം ലഭ്യമാവുക.

ഗ്രീന്‍ ചാനല്‍ സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വനജ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ എം.ബിജു, എം.പ്രജിത, എ.പി സിന്ധു പ്രേമന്‍, വിജയി, കൗണ്‍സിലര്‍മാരായ സി.വി പ്രതീശന്‍, പി.എസ് അബ്ദുല്‍ ഹഖീം, നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എസ് സുധീപ് എന്നിവര്‍ പദ്ധതി അവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സജീവ് കുമാര്‍, പ്രൊജക്ട് ഓഫീസര്‍ സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →