ഭവനം, ഉത്പാദനം, കുടിവെള്ളം എന്നിവക്ക് പ്രാധാന്യം നല്‍കി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 31.02 കോടിരൂപ വരവും 30.66 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയിലാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതിയിലൂടെ പരമാവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി 4 കോടി രൂപ, കുടിവെള്ളത്തിനായി 1.24 കോടി രൂപ, കാര്‍ഷികമേഖലയില്‍ 66 ലക്ഷം, മത്സ്യബന്ധന മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനുമായി 32 ലക്ഷം, മാലിന്യ സംസ്‌കരണത്തിനായി 81 ലക്ഷം , ആരോഗ്യ മേഖലക്ക് 35 ലക്ഷം, മൃഗസംരക്ഷണ മേഖലയില്‍ 67.5 ലക്ഷം, ചെറുകിട വ്യവസായ സഹായങ്ങള്‍ക്കായി 30 ലക്ഷംരൂപയും വകയിരുത്തി.
തരിശായി കിടക്കുന്ന തൊണ്ണൂറാം പാടശേഖരത്തില്‍ കൃഷിയിറക്കുന്നതോടൊപ്പം പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. എല്ലാ വീടുകളിലും മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പുവരുത്തും. സ്‌കില്‍ഡ് ലേബര്‍ സൊസൈറ്റി രൂപീകരിച്ച് പരിശീലനം നല്‍കി ലേബര്‍ ബാങ്ക് രൂപീകരിക്കും. കുടുംബശ്രീ വിപണന കേന്ദ്രവും തൊഴില്‍ സംരംഭവും കമ്പ്യൂട്ടര്‍ ജോലികള്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന ഐടി ഹബ്ബുകളും സ്ഥാപിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ ഹാരിസ്, ജെ.എസ് അനീഷ്, എം.ഷീല, അതുല്യ ബൈജു, പഞ്ചായത്ത് അംഗങ്ങളായ ഗീത, സജിത, ശരീഫ് മാസ്റ്റര്‍, അബ്ദുള്ളക്കോയ, എം.കെ മമ്മദ്‌കോയ ,വിജയന്‍ കണ്ണഞ്ചേരി, രാജേഷ് കുന്നുമ്മല്‍, സി.ലതിക, റസീന ഷാഫി, വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.