സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ നാളെ : മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ‘പഠന ലിഖ്‌ന അഭിയാന്‍ ‘സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ മാര്‍ച്ച് 27ന് ജില്ലയില്‍ നടക്കും. മികവുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് വെട്ടം പഞ്ചായത്തിലെ പരിയാപുരം എ.എല്‍.പി സ്‌കൂളില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കും. ജില്ലയില്‍ 43162 പേരാണ് സാക്ഷരതാ പരീക്ഷ എഴുതുന്നത്. ഇതില്‍ 36017 പേര്‍ സ്ത്രീകളും, 7144 പേര്‍ പുരുഷന്‍മാരും ഒരാള്‍ ട്രാന്‍സ്‌ജെന്ററുമാണ്. പഠിതാക്കളില്‍ 14089 പേര്‍ പട്ടിക ജാതിക്കാരും, 3232 പേര്‍ പട്ടിക വര്‍ഗക്കാരും, 21847 പേര്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരും 3996 പേര്‍ മറ്റു വിഭാഗത്തിലും ഉള്‍പ്പെടും.

 മികവുത്സവത്തിന്റെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എം.കെ. റഫീഖ അധ്യക്ഷയായി ജില്ലാതല സംഘാടക സമിതിയും നഗരസഭാ – പഞ്ചായത്ത് തലത്തില്‍ പ്രാദേശിക സംഘാടക സമിതികളും രൂപീകരിച്ച് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ യോഗങ്ങളും ചേര്‍ന്നിരുന്നു. എസ്.സി,  എസ്.ടി പ്രമോട്ടര്‍മാര്‍ , നെഹ്‌റു യുവ കേന്ദ്ര , യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക്  പരിശീലനവും നല്‍കി. ഡയറ്റിന്റെ നേത്യത്വത്തില്‍ രണ്ട് ഘട്ടങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ തല പരിശീലനങ്ങളുടെ തുടര്‍ച്ചയായി പഞ്ചായത്ത് – നഗരസഭാ തലം വരെ പരിശീലനങ്ങള്‍ നടന്നു. നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വേ പൂര്‍ത്തിയാക്കി. പരീക്ഷയ്ക്കായി ചോദ്യക്കടലാസുകളും അനുബന്ധ സാമഗ്രികളും എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. മികവുത്സവം പൂര്‍ത്തിയായ അന്ന് തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങാണ്ഏ പ്രില്‍ 18 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള  പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതി കേരളത്തില്‍ മലപ്പുറം, വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് നടപ്പാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →