തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകള്‍. യാത്രാ നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിത്. ഇത് സമരമല്ല, അതിജീവന പോരാട്ടമാണ്. ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു. ‘ഗാതഗതമന്ത്രിയുടെ പിടിവാശി കൊണ്ടാണ് സമരമിങ്ങനെ നീളുന്നത്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേരുമ്പോള്‍ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തും’. ടി ഗോപിനാഥ് പ്രതികരിച്ചു.
ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ യാത്രക്കാര്‍ കൂടുതൽ ദുരിതത്തിലായി. വടക്കന്‍ ജില്ലകളെയാണ് സമരം സാരമായി ബാധിച്ചത്. സമരത്തോട് ഇന്നും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നിലവില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളെ കൂടുതലായി ആയ്രിക്കുന്ന മലബാര്‍ മേഖലയില്‍ വലിയ ദുരിതമാണ് ജനങ്ങള്‍ നേരിടുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്.