വയനാട്: ലഹരിക്കെതിരെ അക്ഷരയാത്ര’- കലാജാഥ പര്യടനം തുടങ്ങി

വയനാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലും ജില്ലാ വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ അക്ഷരയാത്ര’ കലാജാഥ പര്യടനം ആരംഭിച്ചു. മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു.

ലഹരിക്കടിമപെട്ട് തകര്‍ന്ന കുടുംബത്തിന്റെ ദയനീയ ചിത്രം അവതരിപ്പിക്കുന്ന സംഗീത ശില്‍പമാണ് കലാജാഥയുടെ മുഖ്യ ആകര്‍ഷണം. അക്ഷര കരുത്തിനാല്‍ ലഹരിയെ അതിജീവിക്കണമെന്നും അറിവും ജീവിതവുമാകട്ടെ ലഹരിയെന്നും കലാ ജാഥ ആഹ്വാനം ചെയ്യുന്നു. സംഗീത ശില്‍പത്തിന്റെ രചന മുസ്തഫ ദ്വാരകയും സംഗീതം അജികുമാര്‍ പനമരവും സംവിധാനം ഗിരീഷ് കാരാടിയുമാണ് നിര്‍വ്വഹിച്ചത്.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാഘവന്‍, താലൂക്ക് എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.കെ. മത്തായി, നേതൃസമിതി കണ്‍വീനര്‍ കെ.ശിവദാസ്,  ലൈബ്രററി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ഗവ.പോളിടെക്‌നിക്ക് കോളേജ് പി.ടി.എ സെക്രട്ടറി സ്മിത  എന്നിവര്‍ സംസാരിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി സി.എം.സുമേഷ് നന്ദി പറഞ്ഞു. കലാജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →