തൊടുപുഴ: കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ് വിമന്‍സ് ഹോസ്‌റ്റല്‍ അധികൃതര്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. കിഴക്കേയറ്റത്ത് റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്‌റ്റലില്‍ നിന്നാണ് 2022 മാര്‍ച്ച 22 ചൊവ്വാഴ്‌ച രാത്രിയില്‍ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്. പരിസരമാകെ ദുര്‍ഗന്ധം നിറഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സലിനെ വിവരം അറിയിക്കകുയായിരുന്നു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ശതീശന്‍ എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ തൊഴിലാളികളെ ഉപയോഗിച്ച് ടാങ്ക് തുറന്ന് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോസ്‌റ്റലിന്റെ ടാങ്ക് നിറഞ്ഞ് മാലിന്യം ഓടയിലേക്ക് ഒഴുകുന്നതാണെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്ന് 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹോസ്‌റ്റല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. തൃപ്‌തികരമായ മറുപടി നല്‍കിയില്ലങ്കില്‍ ഹോസ്‌റ്റല്‍ അടച്ചുപൂട്ടുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിനുമുമ്പും ഹോസ്‌റ്റലിനെതിരെ സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

