ഹാമില്ട്ടണ്: വനിതാ ഏകദിന ലോകകപ്പില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം വിജയം. ബംഗ്ലാദേശിനെ 110 റണ്‍സിനാണ് മിതാലി രാജും സംഘവും കെട്ടുകെട്ടിച്ചത്. ഇതോടെ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ സാധ്യത നിലനിനിര്‍ത്തി. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് വെറും 119 റണ്‍സിന് ഓള് ഔട്ടായി.സ്കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴിന് 229,ബംഗ്ലാദേശ് 40.3 ഓവറില്‍ 119 ന് ഓള് ഔട്ട്.ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ടീമിനു കഴിഞ്ഞു. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആറ് പോയിന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ഇന്ത്യ മൂന്നാമതെത്തിയത്.ബൗളിങ് മികവിലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 229 റണ്‍സാണ് ടീം ഇന്ത്യ നേടിയത്. യാസ്ഥിക ഭാട്ടിയയുടെ അര്‍ധസെഞ്ച്വുറിയാണ് ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്.
ആദ്യ വിക്കറ്റില്‍ ഇരുവരും 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 30 റണ്‍സെടുത്ത സ്മൃതിയെ പുറത്താക്കി നാഹിദ അക്തര്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ 42 റണ്‍സെടുത്ത ഷഫാലിയെ ഋതു മോണിയും മടക്കി. നായിക മിതാലി രാജ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങുകയും ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാല്‍ ഒറ്റയാള്‍പോരാട്ടം നടത്തിയ യസ്ഥിക ഇന്ത്യന്‍ ഇന്നിങ്സിനു അടിത്തറ പാകി. 80 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്.വാലറ്റത്ത് 30 റണ്‍സെടുത്ത പൂജ വസ്ത്രാകറും 27 റണ്‍സ് നേടിയ സ്നേഹ് റാണയും 26 റണ്‍സ് നേടിയ റിച്ച ഘോഷും ചെറുത്തുനിന്നു. ബം ാദേശിനുവേണ്ടി ഋതു മോണി മൂന്നുവിക്കറ്റെടുത്തപ്പോള്‍ നഹിദ അക്തര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിനു ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയ്ക്കെതിരേ പിടിച്ചുനില്‍ക്കാനായില്ല. 40.3 ഓവറില്‍ വെറും 119 റണ്‍സിന് അവര്‍ കൂടാരംകയറി.
രണ്ടുപേര്‍ മാത്രമേ 20ന് മുകളില്‍ സ്കോര്‍ ചെയ്തുള്ളൂ. 32 റണ്‍സെടുത്ത സല്‍മ ഖത്തൂനും 24 റണ്‍സ് നേടിയ ലത മൊണ്ടലുമാണ് പ്രധാന സ്കോറര്‍മാര്‍. ഓപ്പണര്‍ മുര്‍ഷിദ ഖത്തൂന് 19 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് റിതു മോണി 16 റണ്‍സുമെടുത്തു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗര്‍ സുല്‍ത്താനയ്ക്കു മൂന്നു റണ്‍സെടുക്കാനേ ആയുള്ളൂ.നാലു വിക്കറ്റുകളെടുത്ത സ്നേഹ് റാണയാണ് ബം ാദേശ് ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയത്. രണ്ടു വിക്കറ്റുകളെടുത്ത പൂജ വസ്ത്രക്കറും ജുലാന് ഗോസ്വാമിയും മികച്ച പിന്തുണയേകി. രാജേശ്വരി ഗെയ്ക്വാദും പൂനം യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. അടുത്ത മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം

