റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം 21ന്

റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം  തിങ്കളാഴ്ച  2.30ന് എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് മാര്‍ഗരേഖ അവതരണവും എസ് ഐ ഇ ടി ഡയറക്ടര്‍ ബി. അബുരാജ് മാര്‍ഗരേഖ അവലോകനവും നടത്തും. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

റാന്നിയുടെ വൈജ്ഞാനിക പുരോഗതിയിലൂടെ മാനവവിഭവശേഷിയുടെ ഫലപ്രദവും ക്രമീകൃതമായ വളര്‍ച്ച മുന്നില്‍കണ്ട് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് നോളജ് വില്ലേജെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളെ മത്സരപരീക്ഷകളില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിന് പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

റാന്നി നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെ 250 അംഗന്‍വാടികളും 173 വിദ്യാലയങ്ങളും എട്ട് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി ഉള്ള പ്രവര്‍ത്തനങ്ങളാണ് തുടക്കമിട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി എഡ്യൂക്കേഷണല്‍ അക്കാദമി കൗണ്‍സിലും അംഗന്‍വാടി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അക്കാദമിക് കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ ഏജന്‍സികള്‍,  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരികനായകര്‍, സന്നദ്ധ യുവജന സംഘടനാ പ്രതിനിധികള്‍, എന്നിവരെ ഉള്‍പ്പെടുത്തി ഒരു പിന്തുണ സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് സി ആര്‍ ടി, എസ് എസ് കെ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെ ഡിസ്‌ക്  തുടങ്ങി വിവിധങ്ങളായ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവയുടെ  പിന്തുണയോടെയാണ് നോളജ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാലയില്‍കൂടി  നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. അക്കാദമിക് ലിങ്കേജ്, എംപ്ലോയ്‌മെന്റ് എന്‍ഹാന്‍സ്‌മെന്റ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ വ്യക്തിത്വങ്ങളെ  പരിചയപ്പെടുത്തുന്നതിനും കുട്ടികളുമായി സംവദിക്കുന്നതിനും അവര്‍ക്ക്  വേണ്ട മാര്‍ഗനിര്‍ദേശവും പ്രചോദനവും നല്‍കുന്നതിനാണ്  മീറ്റ് ദ മാസ്റ്റേഴ്‌സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. മുന്‍ ധനകാര്യ മന്ത്രി  ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍  സ്‌കൂള്‍ അക്കാദമിക് കൗണ്‍സില്‍ പ്രാഥമികമായി ചേരുകയും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇ ബുക്ക് ആവിഷ്‌ക്കാര്‍ 2022 ലൂടെ കോവിഡ് കാലത്ത് റാന്നി മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക  പ്രകടനങ്ങള്‍  ഉള്‍പ്പെടുത്തി തയാറാക്കിയ ആദ്യത്തെ ഇ ബുക്ക് നോളജ് വില്ലേജിന്റെ ഭാഗമായി പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →