ഇ-വിധാന്‍ സഭ യാഥാര്‍ഥ്യമാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ്

കൊഹിമ : ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ്. പൂര്‍ണമായും കടലാസ് രഹിതമായാണ് നാഗാലാന്‍ഡ് നിയമസഭ ചേര്‍ന്നത്. സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ ടാബ്ലെറ്റോ ഇ-ബുക്കോ നല്‍കി.ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സഭകളും സമാനമായി പദ്ധതി പിന്തുടരാന്‍ ആലോചിക്കുന്നതായി നാഗാലാന്‍ഡ് സ്പീക്കര്‍ ശരിങ്കെയ്ന്‍ ലോങ്കുമേര്‍ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാല്‍, പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.എല്ലാ നിയമസഭകളിലെയും നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഇവിധാന്‍ സഭ പദ്ധതി ആവിഷ്‌കരിച്ചിരിയ്ക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സഭാ നടപടികള്‍ പുരോഗമിക്കുക. പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുള്ള ചെലവുകള്‍ 90:10 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →