ഓരോ മിനിറ്റിലും ഒരു കുട്ടി അഭയാര്‍ഥിയാകുന്നു: യു.എന്‍.

ന്യൂയോര്‍ക്ക്: ഓരോ മിനിറ്റിലും ഒരു ശിശു അഭയാര്‍ഥിയെയാണ് യുക്രൈന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഐക്യരാഷ്ട്രസംഘടന. യുക്രൈനില്‍ കഴിഞ്ഞ 20 ദിവസവും ശരാശരി 70000 കുട്ടികള്‍ വച്ച് അഭയാര്‍ഥികളായി മാറി എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികളുടെ ഏജന്‍സിയായ യുണിസെഫിന്റെ വക്താവ് പറഞ്ഞു. ഫെബ്രുവരി 24ന് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതു മുതല്‍ 30 ലക്ഷം പേര്‍ അഭയാര്‍ഥികളായി എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതില്‍ 14 ലക്ഷവും കുട്ടികളാണ്. റഷ്യയുടെ ആക്രമണം തുടങ്ങിയത് മുതല്‍ 79 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും നൂറിലേറെ കുട്ടികള്‍ക്കു പരുക്കേറ്റെന്നും യുക്രൈന്റെ മുഖ്യ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചിരുന്നു. റഷ്യയുടെ ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്ന കീവ്, ഖാര്‍ക്കീവ്, ഡൊണെസ്‌ക്, സുമി, കേഴ്സണ്‍, സൈതോമിര്‍ പ്രദേശങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇവയിലേറെയും. തെക്കുകിഴക്കന്‍ നഗരമായ മരിയുപോളില്‍ കഴിഞ്ഞാഴ്ചയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →