കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നാണ് അപ്പീലിലെ വാദം. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നത്.
കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചത്. 25,000 രൂപ കോടതിച്ചെലവ് കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കുട്ടിയെ സമൂഹമധ്യത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

