ഭുവനേശ്വര്‍: ഒഡീഷയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബിജു ജനതാദള്‍(ബി.ജെ.ഡി) എം.എല്‍.എ. കാറോടിച്ചു കയറ്റി. പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്കു പരുക്ക്. അഞ്ചുപേരുടെ നില ഗുരുതരമാണ്.ബി.ജെ.പി. പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ എം.എല്‍.എയ്ക്കും പരുക്കേറ്റു. ഖുര്‍ദ ജില്ലയിലെ ബാന്‍പുര്‍ പഞ്ചായത്ത് സമിതി ഓഫീസിനു സമീപം ഇന്നലെ രാവിലെയാണ് ചില്‍ക എം.എല്‍.എ. പ്രശാന്ത് ജഗ്ദേവ് ബി.ജെ.പി. യോഗത്തിനിടയിലേക്ക് എസ്.യു.വി. ഓടിച്ചു കയറ്റിയത്. ബി.ജെ.പി. ദളിത് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ജഗ്ദേവിനെ ബി.ജെ.ഡിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പഞ്ചായത്ത് സമിതി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി. യോഗം. ഇരുനൂറ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. അതിനിടെയാണ് ജഗ്ദേവ് എസ്.യു.വിയിലെത്തിയത്. നേരത്തേ ബി.ജെ.പി. പ്രവര്‍ത്തകരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്ന എം.എല്‍.എ. യോഗസ്ഥലത്തേക്കു പോകുന്നതു തടയാന്‍ പോലീസ് ശ്രമിച്ചു. പക്ഷേ ജഗ്ദേവ് വാഹനത്തിന്റെ വേഗംകൂട്ടി ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി.
ബാന്‍പുര്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ഐ.ജി. നരസിംഹ ഭോല്‍ പറഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ജഗ്ദേവിനെ വാഹനത്തില്‍നിന്നിറക്കി മര്‍ദിച്ചു. എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രക്ഷോഭമാരംഭിച്ചു.