തെരുവ്‌ നായയുടെ കടിയേറ്റാലോ കുറുകെ ചാടി അപകടം സംഭവിച്ചാലോ നഷ്ടപരിഹാരം ലക്ഷങ്ങള്‍

തെരുവ്‌ നായ്‌ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്‌. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 2016 മുതല്‍ ജസ്‌റ്റീസ്‌ എസ്‌ സരിഗജന്‍ അദ്ധ്യക്ഷനായി ഇത്തരം ഒരുസമിതി സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷെ പലര്‍ക്കും ഇപ്പോഴും ആ നിയമം അറിയില്ല. തെരുവ്‌ നായ കുറുകെ ചാടി മരണപ്പെട്ട ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിന്‌ നഗരസഭ 24.11 ലക്ഷം രൂപയാണ്‌ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്‌.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മീഷനെ സംബന്ധിച്ചുലള വിവരങ്ങളും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതി ബോര്‍ഡ്‌ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന്‌ നല്‍കിയിട്ടുണ്ട്‌ ഇതു സംബന്ധിച്ച കമ്മീഷന്റെ പ്രവര്‍ത്തനത്തിന്‌ വേണ്ട പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇല്ലെന്ന ആക്ഷേപം ശക്തമാണ്‌ പ്രവര്‍ത്തന ഫണ്ടുപോലും നല്‍കുന്നില്ല. ഓരോവര്‍ഷവും തെരുവ്‌ നായക്ക്‌ളുടെ കടിയേല്‍ക്കുന്നത്‌ പതിനായിരങ്ങള്‍ക്കാണ്‌ .പക്ഷെ 2016 ന്‌ ശേഷം നഷ്ടപരിഹാരത്തിന്‌ അപേക്ഷിച്ചത്‌ വെറും 3885 പേര്‍ മാത്രം.കമ്മീഷന്‍ രൂപീകരിച്ച ആദ്യവര്‍ഷം ആകെ ലഭിച്ച പരാതികള്‍ 391 എണ്ണമായിരുന്നു. 2021 ലാകട്ടെ 307 പരാതികള്‍ മാത്രമാണ്‌ ലഭിച്ചത്‌. കേരളത്തില്‍ ഓരോവര്‍ഷവും തെരുവ്‌ നായ്‌ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്‌ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്‌ 2016 ല്‍ ഇത്തരം ഒരു കമ്മറ്റി രൂപീകരിച്ചത്‌.

ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ്‌ സമിതിയില്‍ ഉളളത്‌. വളര്‍ത്ത്‌ നായ്‌ക്കള്‍ മൂലമുളള കടിയേല്‍ക്കല്‍ കമ്മീഷന്റെ പരിധിയില്‍ വരില്ല. തെരുവുനായ്‌ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്‌. കടിയേറ്റവര്‍ക്കുളള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം ,തെരുവ്‌ നായ വന്ധ്യങ്കരണത്തിലെ പുരോഗതി എന്നിവയാണ്‌ കമ്മീഷന്റെ പരിധിയില്‍ വരുന്നത്‌.

കടിയേറ്റാല്‍ വെളളക്കലാസില്‍ അപേക്ഷ നല്‍കിയാല്‍ മതി. ചികിത്സ സംബന്ധിച്ച രേഖകളും നല്‍കണം.നായ്‌ക്കള്‍ കുറുകെ ചാടി വാഹനത്തിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ റിപ്പയര്‍ ചെയ്‌ത വിവരങ്ങളും ബില്ലും കൈമാറണം. എന്നാല്‍ വാഹനത്തിന്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ ഇവിടെ നിന്ന്‌ ലഭിക്കില്ല. പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളോട്‌ വിശദീകരണം തേടും. ഒപ്പം സര്‍ക്കാരിനെ അറിയിക്കകുയും ചെയ്യും. കടിയുടെ ഗൗരവം ചികിത്സ ഉള്‍പ്പെട പരിഗണിച്ചാണ്‌ റിപ്പോര്‍ട്ട നല്‍കേണ്ടത്‌. അതിനുശേഷം തദ്ദേശ സ്ഥാപന പ്രതിനിധിയേയും നായ കടിച്ച വ്യക്തിയേയും ഹിയറിംഗിന്‌ വിളിക്കും. ഇരുവരുടെയും ഭാഗം കേട്ടശേഷം നഷ്ടപരിഹാരം എത്ര നല്‍കണമെന്നത്‌ സംബന്ധിച്ച സുപ്രീം കോടതിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറും സംസ്ഥാന സര്‍ക്കാര്‍ വഴിയാണ്‌ തദ്ദേശ സ്ഥാപനങ്ങളോട്‌ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുക. അപേക്ഷ അയക്കേണ്ട വിലാസം ജസ്റ്റീസ്‌ (റിട്ട.) എസ്‌ സരിഗജന്‍ കമ്മറ്റി യുപിഎഡി ഓഫീസ്‌ ബില്‍ഡിംഗ്‌, പരമാറ റോഡ്‌ കൊച്ചി,എറണാകുളം -682 018 എന്നതാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →