റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യു.എസ്. നിരോധിച്ചു

വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യു.എസ്. നിരോധിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുക്രൈന് 100 കോടി ഡോളറിന്റെ ധനസഹായവും ബൈഡന്‍ പ്രഖ്യാപിച്ചു. എന്നാല്‍, യു.എസ്. നീക്കത്തിനു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു പിന്തുണ ലഭിക്കുമോയെന്നു വ്യക്തമല്ല. എണ്ണ ഇറക്കുമതി നിര്‍ത്തിവയ്ക്കുമെന്നു ബ്രിട്ടന്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്നതു കുറച്ചുകൊണ്ടുവരുമെന്നു മാത്രമാണ് അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഊര്‍ജ ആവശ്യത്തിനായി റഷ്യയെ ആശ്രയിക്കുന്നത് 80 ശതമാനം കുറച്ചുകൊണ്ടുവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചു. യു.എസിന് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ മൂന്ന് ശതമാനം മാത്രമാണു റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. എണ്ണ ഇറക്കുമതിയില്‍ 61 ശതമാനവും കാനഡയില്‍നിന്നാണ്. ഇറക്കുമതി നിരോധനം അതിനാല്‍ യു.എസിനെ കാര്യമായി ബാധിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →