കീവ്: ഭിന്നതയേത്തുടര്ന്ന് മാനവിക ഇടനാഴി തടസപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒഴിപ്പിക്കല്‍ കാത്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു തിരിച്ചടിയായി. സുമിയില്‍നിന്നു മൂന്നുമണിക്കൂര്‍ യാത്രയുള്ള പൊള്‍ട്ടോവ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതപാതയൊരുക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സജീവമായിരുന്നു. അതിനിടെയാണു റഷ്യ-യുക്രൈന് ഭിന്നത വിലങ്ങുതടിയായത്.
റഷ്യന്‍ നീക്കത്തില്‍ ആത്മാര്‍ഥതയില്ലെന്നു യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ വക്താവ് പ്രതികരിച്ചു. ആളുകളുടെ ദുരിതം ടെലിവിഷന്‍ പ്രചാരണത്തിന് ഉപയോഗിക്കാനാണു റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.”അവര്‍ യുക്രൈന് പൗരന്മാരാണ്. അവര്‍ക്കു യുക്രൈന്റെ ഭൂവിഭാഗത്തിലേക്കുതന്നെ ഒഴിപ്പിക്കപ്പെടാന്‍ അര്‍ഹതയുണ്ട്. മനുഷ്യത്വപരമായ സഹായങ്ങള്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ക്കു വേണ്ടി വിതരണം ചെയ്യാനും ഇടനാഴികള്‍ അവരുടെ ദിശയിലേക്കു തിരിച്ചുവിടാനുമാണു റഷ്യ ശ്രമിക്കുന്നത്”- അദ്ദേഹം പറഞ്ഞു.

