ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും

റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വില്ലേജുകളും ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടിക പുതുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത വനംവകുപ്പ്, കൃഷിവകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ തീരുമാനം. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ റാന്നി നിയോജക മണ്ഡലത്തിലെ വിട്ടുപോയ വില്ലേജുകളെ കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കാനാണ് തീരുമാനം.

കൊല്ലമുള, ചേത്തയ്ക്കല്‍, പഴവങ്ങാടി, അങ്ങാടി, അത്തിക്കയം പെരുമ്പെട്ടി, അയിരൂര്‍, കോട്ടാങ്ങല്‍, ചെറുകോല്‍ വില്ലേജുകളാണ് ആദ്യ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്. ഇതുകൂടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വനം വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കും. സംസ്ഥാന വനം വകുപ്പ് ആദ്യം നല്‍കിയ പട്ടിക 406 വില്ലേജുകളായി ചുരുക്കിയത് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ്. ഒരു വര്‍ഷത്തിന് മുന്‍പാണ് വനം വകുപ്പ് പട്ടിക തയാറാക്കി നല്‍കിയത്. ഹോട്‌സ്‌പോട്ട് സംബന്ധമായ അവസാന തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുമെന്ന്  നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ വേളയില്‍ പ്രമോദ് നാരായണ്‍ എംഎല്‍എയ്ക്ക് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു. രാജ്യസഭയില്‍ ജോസ് കെ. മാണി എംപിയും ഇക്കാര്യം  ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പായും ഇടപെടുമെന്ന് ആന്റോ ആന്റണി എംപിയും ഉറപ്പുനല്‍കിയതായി എംഎല്‍എ പറഞ്ഞു.

വനമേഖലകളില്‍ കിടങ്ങ് കുഴിക്കുന്നതിനേക്കാള്‍ പ്രായോഗികവും ചിലവു കുറഞ്ഞതുമായ മാര്‍ഗം സോളാര്‍ വേലികള്‍ ആണെന്ന് റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ പറഞ്ഞു. ആവശ്യമായ ഫണ്ട് ലഭ്യമായി ഒരു വര്‍ഷം കൊണ്ട് റാന്നി നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തികള്‍ മുഴുവന്‍ സോളാര്‍ വേലി കെട്ടാന്‍സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്ന പുതിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ കൂടി നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മൃഗങ്ങളുടെ ആക്രമണം മൂലം നാശനഷ്ടം സംഭവിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കാന്‍ അഭ്യര്‍ഥിക്കും.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം വിളകള്‍ പൂര്‍ണമായും നശിച്ചാലേ ഇന്‍ഷുറന്‍സ് മുഖേന നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. വിളവ് നശിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്ത കാര്യം കൃഷി അസി. ഡയറക്ടര്‍ സിജി സൂസന്‍ ജോര്‍ജ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരത്തിലാകുമ്പോള്‍ നാളികേരം,  കൊക്കോ പോലെയുള്ള വിളകള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ല. റാന്നി നിയോജക മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വനംവകുപ്പിലേയും കൃഷി വകുപ്പിലേയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →