ന്യൂഡൽഹി: യുക്രൈനിൽ നിന്നും 630 ഇന്ത്യക്കാർകൂടി തിരിച്ചെത്തി. മൂന്ന് വ്യോമസേനാ വിമാനങ്ങളിലായാണ് ഇവരെ തിരിച്ചെത്തിച്ചത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടിരുന്നു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നത്. സുമിയിലും ഖാർകീവിലും കുടുങ്ങിയ വിദ്യാർഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.