ഹരിപ്പാട്: തെങ്ങുകയറ്റത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവു കണ്ടെത്തിയതായി പൊലീസ്. താമല്ലാക്കൽ പുത്തൻപുരയിൽ ഷാജി (54)എന്നയാളാണ് കൊല്ലപ്പെട്ടത്. ഷാജിയെ ആക്രമിക്കാൻ പ്രതി കൊച്ചു വീട്ടിൽ രാജീവ് ( രാജി -48) ഉപയോഗിച്ച കൊന്നപ്പത്തലിൽ നിന്ന് മുടിയും രക്തവും പൊലിസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയതാണ് നിർണായക തെളിവായത്.
പ്രതിയുടെ വീടിനടുത്ത കുളത്തിൽ നിന്നാണ് മൺവെട്ടി കൈ ആയി ഉപയോഗിക്കാൻ പാകത്തിൽ ചെത്തിയൊരുക്കിയ കൊന്നപ്പത്തൽ വീണ്ടെടുത്തത്. രാജീവിന്റെ സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിലാണ് പത്തൽ കണ്ടെത്തിയത്. പത്തലിൽ നിന്ന് കണ്ടെത്തിയ മുടിയും രക്തവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.
2022 ഫെബ്രുവരി 18-ന് ആണ് ഷാജി കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. തലയിലെ മുറിവും ശരീരത്തിൽ കണ്ട അടികൊണ്ട പാടുകളും കണ്ട് ബന്ധുക്കളിൽ ചിലരും ഭാര്യയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കൊല്ലപ്പെട്ട ഷാജിയുടെ ഭാര്യ സുനിത സംശയമുന്നയിച്ചു പൊലിസിൽ പരാതി നൽകി.
ഹരിപ്പാട് പൊലിസ് എസ്എച്ച് ഒ ബിജു വി. നായരുടെ നേതൃത്വത്തിൽ സംഭവത്തെപ്പറ്റി രഹസ്യാന്വേഷണവും നടത്തിയിരുന്നു. ഇതേ തുടർന്നാണ് അയൽവാസിയായ പ്രതി പിടിയിലായത്. നേരത്തേ പ്രതിയുടെ സഹോദരിയുടെ പറമ്പിൽ നിന്ന് ഷാജി അനുവാദമില്ലാതെ കരിക്കു വെട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഷാജിയും പ്രതി രാജീവും തമ്മിൽ വാക്കേറ്റം നടത്തിയിരുന്നു.
സംഭവദിവസം പ്രതിയുടെ വീട്ടിൽ നടന്ന പൂജ സമയത്ത് സമീപത്തുള്ള അരമതിലിൽ പുറംതിരിഞ്ഞിരുന്ന ഷാജിയെ പ്രതി രാജീവ് പിന്നിലൂടെ ചെന്ന് കൊന്ന പത്തലിന് അടിച്ചെന്നും അടിയുടെ ആഘാതത്തിൽ താഴെ വീണ് ഷാജി മരിച്ചെന്നുമാണ് കേസ്. ഭാര്യയും ബന്ധുക്കളുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാജി മദ്യപിച്ച് വന്ന് അയൽവാസികളുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു.