മോസ്‌കോ: യുക്രൈനിലെ റഷ്യയുടെ നടപടിയെത്തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡി റഷ്യയില്‍ നടക്കാനിരുന്ന വോളിബോള്‍ ലോക ചാംപ്യന്‍ഷിപ്പ് വേദി മാറ്റി. ആഗസ്ത് 26 മുതല്‍ സപ്തംബര്‍ 11 വരെയാണ് മത്സരം നടക്കേണ്ടിയിരുന്നത്. റഷ്യന്‍ വോളിബോള്‍ ഫെഡറേഷനെയും വോളിബോള്‍ 2022ന്റെ സംഘാടക സമിതിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പ് 2022ന് വേദിയാവാന്‍ മറ്റൊരു രാജ്യം ഇതുവരെ ദ് വേള്‍ഡ് വോളിബോള്‍ ബോഡി തിരഞ്ഞെടുത്തിട്ടില്ല. റഷ്യയിലെ നിരവധി നഗരങ്ങളില്‍ ഗ്രൂപ്പ് മത്സരങ്ങളും മോസ്‌കോയില്‍ അവസാന റൗണ്ട് ഗെയിമുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. യുക്രൈനിലെ റഷ്യയുടെ സൈനിക അധിനിവേശം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും യുക്രൈനിലെ ജനങ്ങളുടെ സുരക്ഷയിലും എഫ്ഐവിബി വളരെയധികം ആശങ്കാകുലരാണ്- വേള്‍ഡ് വോളിബോള്‍ ബോഡിയുടെ പ്രസ്താവനയില്‍ പറയുന്നു.