ന്യൂഡൽഹി: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യ സൂര്യകാന്തി എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് ഇടപാടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. കരിങ്കടല്‍ മേഖലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഏകദേശം 380,000 ടണ്‍ സൂര്യകാന്തി എണ്ണ കയറ്റുമതി തുറമുഖങ്ങളിലും ഉല്‍പ്പാദകരുടെ കൈവശവും കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈനിലെ റഷ്യൻ അധിനിവേശത്തെത്തുടര്‍ന്ന് തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന് ശേഷം പുതിയ പർച്ചേസുകൾ സ്തംഭിച്ചതായും നാല് ഡീലര്‍മാരെ ഉദ്ധരിച്ച് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രെയ്നില്‍ നിന്നും റഷ്യയില്‍ നിന്നും 570 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകള്‍ എന്നത്തേക്ക് കയറ്റുമതി ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ നിലവില്‍ വ്യക്തതയില്ല. ഇത് മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള ഷിപ്പ്മെന്റുകള്‍ ആയിരുന്നു. അതിനാല്‍ സൂര്യകാന്തി എണ്ണയ്ക്ക് പകരം സോയ എണ്ണയും പാമോയിലും വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.
ലോകത്ത് സൂര്യകാന്തി എണ്ണയുടെ ഉല്‍പാദനത്തിന്റെ 60 ശതമാനവും കയറ്റുമതിയുടെ 76 ശതമാനവും നടക്കുന്നത് കരിങ്കടല്‍ മേഖലയാണ്. കൂടാതെ ആഗോള ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുമാണ്. ഇതര എണ്ണകളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഭാവിയില്‍ മലേഷ്യന്‍ പാമോയിലിനെയും യുഎസ് സോയ എണ്ണയെയുമായിരിക്കും ഇന്ത്യ കൂടുതല്‍ പിന്തുണയ്ക്കുക. ഇതിനകം തന്നെ രാജ്യത്ത് റെക്കോര്‍ഡ് നിലയിലാണ് അവയുടെ വ്യാപാരം.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കയറ്റുമതി ചെയ്യുന്നതിനായി കരിങ്കടല്‍ മേഖലയില്‍ നിന്ന് ഏകദേശം 510,000 ടണ്‍ സൂര്യകാന്തി എണ്ണയ്‌ക്ക് ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ ഇതുവരെ 130,000 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തതെന്ന് ഡീലര്‍മാര്‍ പറഞ്ഞു. ബാക്കിയുള്ള ചരക്കിന് എന്ത് സംഭവിക്കുമെന്നോ എപ്പോള്‍ അയയ്ക്കാൻ കഴിയുമെന്നോ അറിയില്ല”, ട്രേഡിംഗ് സ്ഥാപനമായ ജിജി പട്ടേല്‍ ആൻഡ് നിഖില്‍ റിസര്‍ച്ച് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ്ഭായ് പട്ടേല്‍ റോയ്റ്റേഴ്സിനോട് പറഞ്ഞു.

