പത്തനംതിട്ട: കോട്ടമണ്‍പാറ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്

പത്തനംതിട്ട നഗരത്തിലെ 15 മുതല്‍ 21 വരെയുള്ള ഏഴു വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടമണ്‍പാറ കുടിവെള്ളപദ്ധതി മാര്‍ച്ച് പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 19-ാം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കുമ്പഴ പമ്പ് ഹൗസില്‍ പദ്ധതിക്കായി 90 ഹോഴ്സ് പവര്‍ മോട്ടോര്‍ ആണ് പുതിയതായി സ്ഥാപിക്കുന്നത്. പ്രഷര്‍ ഫില്‍റ്ററിന്റെ പണികള്‍ പുരോഗമിച്ചു വരികയാണ്. കുമ്പഴ മേഖലയിലെ ഏഴ് വാര്‍ഡുകളിലായി ആയിരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നേകാല്‍ കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നത്.

നഗരസഭയിലെ 15 മുതല്‍ 21 വരെയുള്ള വാര്‍ഡുകളില്‍ നിലവില്‍ മറ്റ് പദ്ധതികളില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടമണ്‍പാറ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ മറ്റ് വാര്‍ഡുകളില്‍ കൂടുതല്‍ ജല ലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന നഗരത്തില്‍ നഗരസഭയുടെ ബദല്‍ ഇടപെടലാണ് ഇത്തരം പദ്ധതികളെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ വിലയിരുത്തി.  

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആമിന ഹൈദരാലി, ജെറി അലക്സ്, ഇന്ദിരാമണിയമ്മ, അംബിക വേണു, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, കൗണ്‍സിലര്‍മാരായ വിമലശിവന്‍, സുജ അജി, മുനിസിപ്പല്‍ എഞ്ചിനീയര്‍ സുധീര്‍രാജ്, വാട്ടര്‍ അതോറിറ്റി എഇ സതീദേവി തുടങ്ങിയവര്‍ ചെയര്‍മാന് ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →