കൊച്ചി: സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും ഇതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ നടപ്പാക്കാനെന്ന് ഹൈക്കോടതി ചോദിച്ചു. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന സര്‍ക്കാര്‍ പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ കണ്ണടക്കുകയാണ്. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്ന് കോടതി ചോദിച്ചു. നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി പറഞ്ഞു.
അതേസയമയം കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കോര്‍പ്പറേഷനെ കോടതി കടുത്ത അതൃപ്തി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.