കോലഞ്ചേരി: ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്,ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോർജ്, ഫാ. സക്കറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണു തിരഞ്ഞെടുക്കപ്പട്ടത്.
സഭയുടെ ചരിത്രത്തിലാദ്യമായി ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ വിജയികളായവരുടെ പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.11 സ്ഥാനാർഥികളാണു മത്സരത്തിനുണ്ടായിരുന്നത്. അൽമായരുടെയും വൈദികരുടെയും വിഭാഗങ്ങളിലെ ഭൂരിപക്ഷം പ്രത്യേകം കണക്കാക്കിയാണു വിജയികളെ നിശ്ചയിച്ചത്.
ആകെ റജിസ്റ്റർ ചെയ്ത 3917 പേരിൽ 3889 പേർ വോട്ടു ചെയ്തു– 98.53 %. മൊത്തം വോട്ടർമാരിൽ 98.59% റജിസ്റ്റർ ചെയ്തു. വോട്ടു ചെയ്ത വൈദികരുടെ എണ്ണം 1259. അൽമായരിൽ 2630 പേർ വോട്ടു ചെയ്തു. മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ സഭാ സിനഡ് പിന്നീടു തീരുമാനിക്കും.
മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രധാന വേദിയായ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് സ്കൂളിലെ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ സമ്മേളിച്ചു. മറ്റ് അംഗങ്ങൾ ഓൺലൈനിലൂടെയാണു പങ്കെടുത്തത്. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി.കെ. മാത്യുവായിരുന്നു മുഖ്യ വരണാധികാരി.

