എറണാകുളം: ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കും

എറണാകുളം: ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ജിയോളജി വകുപ്പും പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്‍കി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതായി പി.വി ശ്രീനിജിന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. വീടുകള്‍ക്ക് മണ്ണെടുക്കാനെന്ന വ്യാജേന വലിയ തോതില്‍ മണ്ണെടുപ്പ് നടത്തുന്ന അവസ്ഥ നിലവിലുണ്ട്. മണ്ണെടുക്കാന്‍ അനുവദിച്ച ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജിയോളജിസ്റ്റിന് നടപടി സ്വീകരിക്കാം. പോലീസ് സഹായത്തോടെ പരിശോധനയും നിയമനടപടികളും കര്‍ശനമാക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

കോരന്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതിനു മുന്നോടിയായി അപ്രോച്ച് റോഡിന്റെ നിര്‍മാണം ആരംഭിക്കണം. കിഴക്കമ്പലം, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പഞ്ചായത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ വ്യാപക പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് എം.എല്‍.എമാരായ മാത്യു കുഴല്‍നാടന്‍, ടി.ജെ വിനോദ് എന്നിവര്‍ ആവശ്യപ്പെട്ടു. നിലവില്‍ ജില്ലയില്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യോഗ്യതയുള്ള സെക്കോളജിസ്റ്റുകളുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന യോഗ്യരായ എല്ലാ കുട്ടികള്‍ക്കും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണം. 

മൂവാറ്റുപുഴ-തേനി പാത നവീകരണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.  മൂവാറ്റുപുഴ, പിറവം, കോതമംഗലം പ്രദേശങ്ങളില്‍ കിഫ്ബി അനുമതി നല്‍കിയ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രദേശത്ത് പ്രത്യേക ഓഫീസ് അനുവദിക്കുന്നതിനുള്ള സാധ്യത പരിഗണിക്കണം.

ഭൂതത്താന്‍കെട്ട് അണക്കെട്ടിലെയും സമീപ ഭാഗത്തെയും ചെളിയും  മാലിന്യവും ഓപ്പറേഷന്‍ വാഹിനിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ചെളിയടിഞ്ഞ് അണക്കെട്ടിലെയും പെരിയാര്‍ വാലി കനാലിലെയും ആഴം സാരമായി കുറഞ്ഞ അവസ്ഥയാണ്. തങ്കളം കാക്കനാട് പാതയുടെ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോവിഡ് കാലത്ത് മുടങ്ങിയ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകള്‍കൂടി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണം. 

ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് കെ.ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. 

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ ഉള്‍പ്പെടുത്തി മുല്ലശേരി കനാലില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ചേരാനെല്ലൂര്‍-ചൗക്ക പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും പുതുക്കലവട്ടം പ്രദേശങ്ങളില്‍ ഭൂമിയുടെ കരം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വൈപ്പിന്‍ പ്രദേശത്തെ കടലേറ്റം തടയുന്നതിനുള്ള കടല്‍ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഴക്കാലം എത്തുന്നതിനു മുന്നോടിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. മഴക്കാലത്ത് ശക്തമായ കടലേറ്റം നേരിടുന്ന പ്രദേശത്ത് പ്രതിരോധം എത്രയും വേഗമൊരുക്കം. വൈപ്പിന്‍ കാളമുക്ക് മത്സ്യബന്ധന പ്രദേശത്തേക്കുള്ള റോഡിന്റെ നിര്‍മാണവും വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

കിഴുമുറിക്കടവ്, ഇടയാര്‍ പാലങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു. കിഴുമുറിക്കടവ് പാലത്തിന്റെ നിര്‍മാണത്തിനായി ഭൂമി തരംമാറ്റുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമാവശ്യമായ നടപടി ഉടന്‍ ആരംഭിക്കണം. ഇടയാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പാലങ്ങളുടെ നിര്‍മാണം നേരിട്ട് പരിശോധിച്ചു വരികയാണ്. 

ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അധ്യക്ഷത വഹിച്ച വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ കെ.ബാബു, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളില്‍, ടി.ജെ വിനോദ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, അഡ്വ.പി.വി ശ്രീനിജിന്‍, മാത്യു കുഴല്‍നാടന്‍, എ.ഡി.എം. എസ്.ഷാജഹാന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അനിത ഏല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →