ലണ്ടൻ: യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക് വൻ ആഘാതമായി. എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന് മൂന്ന് ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ് തുടരുകയാണ്. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 106 ഡോളർ വരെ ഉയർന്നു. റഷ്യയുടെ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതി നിലച്ചിരിക്കെ ബദൽ വഴികൾ കണ്ടെത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. ബദൽ വിതരണ പ്രക്രിയ എളുപ്പമല്ലെന്ന സന്ദേശമാണ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നൽകുന്നത്. യുക്രൈൻ യുദ്ധം തുടർന്നാൽ വില 120 ഡോളറിലേക്ക് ഉയർന്നേക്കും.
ഓഹരി വിപണികളുടെ തകർച്ചയും തുടരുകയാണ്. യുദ്ധം നീണ്ടാൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധന ഉറപ്പാണ്. ഈ സാഹചര്യം നേരിടാൻ ശക്തമായ ഇടപെടൽ വേണ്ടി വരുമെന്നാണ് ലോക രാജ്യങ്ങൾ വ്യക്തമാക്കുന്നത്.
റഷ്യയും അമേരിക്കയുമായി അടുത്ത ബന്ധം നിലനിൽക്കെ, യുദ്ധത്തിൽ ഏതെങ്കിലും പക്ഷം ചേരാൻ ഗൾഫ് രാജ്യങ്ങൾ വിസമ്മതിക്കുകയാണ്. അതേസമയം നാറ്റോയുടെ പ്രകോപന നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് പുടിനുമായി നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം.
അതിനിടെ യുക്രൈനിൽ അവശേഷിച്ച തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കൽ നടപടി ഗൾഫ് രാജ്യങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. വ്യോമ മേഖല കനത്ത സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ അപകടകരമാണെന്ന വിലയിരുത്തലിൽ ആണ് ഗൾഫ് രാജ്യങ്ങൾ. അയൽ രാജ്യങ്ങളിലൂടെയുള്ള ഒഴിപ്പിക്കൽ നടപടിയും എളുപ്പമാകില്ല.