ന്യൂഡൽഹി: റഷ്യക്കെതിരായ യു.എന്‍ രക്ഷാസമിതി കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെച്ചേക്കില്ല. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
യുക്രൈൻ വിഷയത്തിൽ അന്താരാഷ്ട്ര ശക്തികൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടപ്പോഴും നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നാറ്റോയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ. ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഇന്ത്യ നിലപാടെടുക്കുന്നു.
എന്നാൽ റഷ്യൻ അധിനിവേശത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. പ്രമേയത്തിൽ ചില തിരുത്തലുകൾ ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിക്ക് അവതരിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിച്ചോ എതിർത്തോ വോട്ട് ചെയ്യാതെ മാറിനിൽക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് വിവരം. റഷ്യയെ പരസ്യമായി തള്ളിപ്പറയാൻ ഇന്ത്യ തയ്യാറല്ലെന്ന് സൂചന നൽകുന്നത് കൂടിയാണ് ഈ നിലപാട്