കോട്ടയം: ജലാശയങ്ങളുടെ പരിപാലനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുഴ പുനരുജ്ജീവനി എന്ന പേരിൽ പഞ്ചായത്തിന്റെയും ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജോയി കുഴിപ്പാല നിർവ്വഹിച്ചു.
മലിനീകരണവും, മണ്ണിടിച്ചിലും മൂലം പ്രദേശത്തെ ജലാശയങ്ങൾ ഗുരുതര സ്ഥിതി നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി പാറപ്പള്ളി തോടിന്റെ ശുചീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
തോടിന്റെ 30 കിലോമീറ്റർ നീളത്തിലുള്ള ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കും. വാകത്തോട്, പൊന്നൊഴുകും തോട്, മീനച്ചിൽ വലിയ തോട്, പൈകത്തോട് എന്നിവയാണ് ശുചീകരിക്കുന്ന മറ്റ് ജലാശയങ്ങൾ. ശുചീകരണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും.
വൈസ് പ്രസിഡന്റ് ഷേർളി ബേബി, സെക്രട്ടറി എം. സുശീൽ, ളാലം ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മോളിക്കുട്ടി, മറ്റു ജനപ്രതിനിധികൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

