തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചു. ബെന്‍സ് കാര്‍ വാങ്ങാന്‍ 80 ലക്ഷം അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി.
ഗവര്‍ണറുടെ കാറിന് 10 വര്‍ഷം പഴക്കമുണ്ടെന്നും അതിനൊപ്പം ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടുവെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിരുന്നു.
എന്നാൽ പുതിയ ബെന്‍സ് കാറിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഒരുവര്‍ഷമായി താന്‍ ഉപയോഗിക്കുന്നത് ഭാര്യയ്ക്ക് അനുവദിച്ച വാഹനമാണെന്നും തനിക്ക് പുതിയ വാഹനം ആവശ്യമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ക്ക് യാത്രചെയ്യാന്‍ ആഡംബരക്കാര്‍ വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച ഫയല്‍ താന്‍ പരിശോധിക്കുകയോ അനുമതിനല്‍കുകയോ ചെയ്തിട്ടുമില്ല. രാജ്ഭവനില്‍ ഇപ്പോഴുള്ള വാഹനങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ക്ക് യാത്രചെയ്യാന്‍ 85 ലക്ഷം രൂപ ചെലവില്‍ പുതിയ ആഡംബരക്കാര്‍ വാങ്ങുന്നത് സംബന്ധിച്ച വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം കാറുമായി ബന്ധപ്പെട്ട ഒരു ഫയല്‍ തന്റെയടുത്തുവന്നു. രാജ്ഭവനില്‍ വാഹനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഫയല്‍ നല്‍കിയത്.
ഗവര്‍ണറുടെ കാറിന്റെ കാലാവധി താന്‍ കേരളത്തില്‍ എത്തുന്നതിന് 6-8 മാസങ്ങള്‍ക്കുമുമ്പുതന്നെ അവസാനിച്ചെന്നും പുതിയ കാറിനായി സര്‍ക്കാരിന് കത്തെഴുതാന്‍ അനുമതിവേണമെന്നുമായിരുന്നു ഫയലില്‍ പറഞ്ഞിരുന്നത്.