ഗുണമേന്മാ നയം ഉയര്‍ത്തിപ്പിടിച്ച് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്

വൈപ്പിന്‍കരയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, നാഗരികതയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്താണ് ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്. സര്‍ക്കാര്‍ സഹായത്തോടെ പഞ്ചായത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ടി.ടി ഫ്രാന്‍സിസ് സംസാരിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം

 അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഭരണസമിതി നടത്തിയത്. ഓരോ വാര്‍ഡിലും അഞ്ച് ലക്ഷം രൂപയുടെ രൂപയുടെ ഫണ്ടാണ് ഇതിനായി മാറ്റിവച്ചത്.

കടല്‍ക്ഷോഭം ചെറുക്കാന്‍ പദ്ധതികള്‍

ഞാറക്കല്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണു കടല്‍ക്ഷോഭം. ഇതിനെ ചെറുക്കാന്‍ നിരവധി പദ്ധതികള്‍ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. പുലിമുട്ട് സ്ഥാപിക്കാനും കടല്‍ഭിത്തി കെട്ടുവാനും വേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കടലാക്രമണം നേരിടുന്ന വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കു പുതിയ വീടും സ്ഥലവും വാങ്ങാന്‍ ധനസഹായം നല്‍കുന്ന ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയും ഇവിടെ കാര്യക്ഷമമായി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

വിദ്യാഭ്യാസ രംഗം

 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ലക്ഷം രൂപ ചെലവില്‍ ലാപ്‌ടോപ്, 50 ലക്ഷം രൂപ മുതല്‍മുടക്കില്‍ മേശ, കസേര, ഫര്‍ണീച്ചര്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥി ക്ഷേമത്തിനായി പഠനമുറി പദ്ധതിയും നടപ്പാക്കുന്നുണ്ട്.

പിന്നോക്കക്ഷേമം

പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ 15 ലക്ഷം രൂപയുടെ ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. ഒരു വീടിന് 1.5 ലക്ഷം രൂപ എന്ന രീതിയില്‍ 10 വീടുകള്‍ക്ക് ഇതുവഴി സഹായം ലഭിച്ചിട്ടുണ്ട്.

കുടിവെള്ളക്ഷാമത്തിന് പരിഹാരം

ഞാറക്കല്‍ മേഖലയില്‍ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കുടിവെള്ള ടാങ്ക് നിര്‍മിക്കുകയാണ് പഞ്ചായത്ത്. കേടായ ജലപൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

ഗുണമേന്മാ നയം

 ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് അഴിമതിരഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കാന്‍ ഞാറക്കല്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാട്, ഗുണമേന്മാ നയം പിന്തുടര്‍ന്ന് പോരാന്‍ ഭരണസമിതിക്കു സഹായമാകുന്നുണ്ട്.

മത്സ്യത്തൊഴിലാളി ക്ഷേമം

 പഞ്ചായത്തിലെ ജനസംഖ്യയില്‍ ഏറിയ പങ്കും വഹിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിര്‍ധനരായവര്‍ക്കു സാന്ത്വനമായി വള്ളവും വലയും നല്‍കുന്ന പദ്ധതി നടത്തിവരുന്നു.

വരുന്ന സാമ്പത്തിക വര്‍ഷം ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍

എല്ലാവര്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്നതിനാണ്  അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി ലൈഫ്, പിഎംഎവൈ, പുനര്‍ഗേഹം തുടങ്ങിയ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും. റോഡ് വികസനം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, പൊക്കാളി കൃഷി ഊര്‍ജിതമാക്കല്‍ തുടങ്ങിയവയാണ് അടുത്ത വര്‍ഷം ഊന്നല്‍ നല്‍കുന്ന മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →