കീവ്: നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കീവിലെ ഇന്ത്യന്‍ എംബസി. ഇന്നലെ പ്രത്യേക വിമാനത്തില്‍ മലയാളികളടക്കം 242 യാത്രക്കാരെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു. ബോയിങ് 787 വിമാനത്തില്‍ ഇന്നലെ രാത്രിയാണ് ഇവരെ ദേശീയ തലസ്ഥാനത്ത് എത്തിച്ചത്. ഇന്നലെ രാവിലെ ഏഴരയ്ക്ക് ന്യൂഡല്‍ഹിയില്‍നിന്നു പുറപ്പെട്ടതാണ് ഈ വിമാനം.
വൈകുന്നേരം മൂന്നിനാണ് കീവിലെ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഈ മാസം 25 മുതല്‍ മാര്‍ച്ച് ആറുവരെ യുക്രൈനില്‍നിന്ന് ഇന്ത്യയിലേക്ക് നാലു വിമാനങ്ങളാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വേസ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് സര്‍വീസ് നടത്തുക. വിമാനങ്ങളുടെ സമയവിവരം, ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെങ്ങനെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കീവിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ഔദ്യോഗിക അറിയിപ്പുകള്‍ക്കു കാത്തുനില്‍ക്കാതെ, സുരക്ഷ കണക്കിലെടുത്ത് ഉടന്‍തന്നെ താല്‍ക്കാലികമായി സ്വദേശത്തേക്കു മടങ്ങണമെന്നും എംബസി ആവര്‍ത്തിച്ചു.

