മുംബൈ:യുദ്ധഭീതിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍.റഷ്യയ്ക്കും യുക്രൈനുമിടയില്‍ യുദ്ധനീക്കം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് വിപണിയിലും തിരിച്ചടി ആവര്‍ത്തിക്കപ്പെടുന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 382.91 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 17,100ന് താഴെയെത്തി. റിയാല്‍റ്റി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍.
സെന്‍സെക്സ് 382.91 പോയിന്റ് ഇടിഞ്ഞ് 57300.68 പോയ്ന്റിലും നിഫ്റ്റി 114.50 പോയിന്റ് താഴ്ന്ന് 17092.20 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത് . വ്യാപാരത്തിനിടെ 1,300 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. 684 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2589 ഓഹരികളുടെ വിലിയിടിഞ്ഞു. 82 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദമാണ് രാജ്യത്തെ ഓഹരികളും നേരിട്ടത്.റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആഗോള വിപണി ദുര്‍ബലമായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ വലിയ നഷ്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയത്. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോള്‍ നില മെച്ചപ്പെടുത്താനായെന്നത് വലിയ ആശ്വാസമാണ്.
ടാറ്റ സ്റ്റീല്‍, ടി.സി.എസ്, ബി.പി.സി.എല്‍, ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കി.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ഐറ്റി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, കാപിറ്റല്‍ ഗുഡ്സ്, എഫ്.എം.സിജി, റിയല്‍റ്റി, പിഎസ്യു ബാങ്ക് സൂചികകള്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ ഇടിഞ്ഞു. ബി.എസ്.ഇ. മിഡ്ക്യാപ് സൂചിക 0.7ശതമാനവും സ്മോള്‍ ക്യാപ് 1.6ശതമാനവുമാണ് ഇടിഞ്ഞത്.കേരള കമ്പനികളില്‍ അഞ്ച് കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്നലെ ഉയര്‍ന്നത് . ഈസ്റ്റേണ്‍ ട്രെഡ്സ് , സിഎസ്ബി ബാങ്ക് , മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ , കെഎസ്ഇ എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

