പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ എച്ച്എംസി പേ വാര്‍ഡ് നവീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയ്ക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് തുകയില്‍ നിന്നാണ് പണം വിനിയോഗിക്കുന്നത്. എച്ച്എംസി പേ വാര്‍ഡില്‍ രണ്ടു നിലകളിലായി 24 റൂമുകളാണുള്ളത്. എച്ച്എംസി പേ വാര്‍ഡിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നഗരസഭ ചെയര്‍മാന്റെ നിര്‍ദേശാനുസരണം നോണ്‍ റോഡ്‌സ് മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും തുക കണ്ടെത്തി നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം നേടിയത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പേ വാര്‍ഡ് നവീകരണം കൂടാതെ ജനറല്‍ ഐസിയു ഇടനാഴിയുടെ നവീകരണവും, കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനും പണം നീക്കിവച്ചിട്ടുണ്ട്.