ഫ്രഞ്ച് സമാധാന നയതന്ത്രം വിജയത്തിലേക്ക്: ബൈഡനും പുടിനും കൂടിക്കാഴ്ച നടത്തും

കീവ്: യുക്രൈനില്‍ യുദ്ധമൊഴിവാക്കാനുള്ള ഫ്രാന്‍സിന്റെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്കെന്ന് സൂചന. യുക്രൈനില്‍ റഷ്യ അധിനിവേശം നടത്താത്തപക്ഷം യു.എസ്. പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നു ഫ്രാന്‍സ്. യുദ്ധം ഒഴിവാക്കാനുള്ള പുതിയ റൗണ്ട് നയതന്ത്രശ്രമങ്ങള്‍ക്കൊടുവിലാണു പ്രഖ്യാപനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടുവച്ച ഉച്ചകോടിക്ക് ഇരുനേതാക്കളും പ്രത്യക്ഷത്തില്‍ സമ്മതം മൂളിയിട്ടിട്ടുണ്ട്. കരുതലോടെയാണെങ്കിലും ബൈഡന്‍ ഉണ്ടാകുമെന്നു വൈറ്റ്ഹൗസ് സ്ഥിരീകരിച്ചുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സമയവും ചര്‍ച്ചയുടെ ഘടനയും തീരുമാനിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായും ഉച്ചകോടി ബന്ധിപ്പിക്കുമെന്നും വ്യാഴാഴ്ച മുതല്‍ യു.എസും റഷ്യയും തമ്മിലുള്ള ചര്‍ച്ചയ്ക്കു തയാറെടുപ്പ് തുടങ്ങുമെന്നും ഫ്രാന്‍സ് അറിയിച്ചു. പുടിനുമായി മാക്രോണ്‍ ഞായറാഴ്ച നടത്തിയ രണ്ടാമത്തെ െദെര്‍ഘ്യമേറിയ ഫോണ്‍ സംഭാഷണത്തിനുശേഷമാണു ചര്‍ച്ച തുടങ്ങിയത്.രണ്ടുമണിക്കൂറോളം നീണ്ട ആദ്യ ഫോണ്‍ സംഭാഷണത്തില്‍ യുക്രൈന്‍ സുരക്ഷാ സൈനികരുടെ പ്രകോപനത്തെത്തുടര്‍ന്ന് അതിര്‍ത്തിമേഖലയില്‍ വര്‍ധിച്ച സംഘര്‍ഷങ്ങളെ പുടിന്‍ കുറ്റപ്പെടുത്തിയതായി ക്രെംലിന്‍ വക്താവ് പറഞ്ഞു. റഷ്യ ഉയര്‍ത്തുന്ന സുരക്ഷാവിഷയങ്ങളില്‍ യു.എസും നാറ്റോയുടെ മുന്നറിയിപ്പ് നല്‍കണമെന്ന് പുടിന്‍ ആവര്‍ത്തിച്ചു. രണ്ടാം ഫോണ്‍ സംഭാഷണം ഒരുമണിക്കൂറോളം നീണ്ടു.അതേസമയം യു.എസുമായുള്ള ഉച്ചകോടിയെപ്പറ്റി ഇപ്പോള്‍ സംസാരിക്കുന്നത് അപക്വമായിരിക്കുമെന്നായിരുന്നു റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം. വിദേശകാര്യമന്ത്രിതല ചര്‍ച്ച തുടരാമെന്നാണു നിലവിലെ ധാരണയെന്നും പ്രസിഡന്റ് തലത്തിലുള്ള കൂടിക്കാഴ്ചയ്ക്കു വ്യക്തമായ പദ്ധതികളൊന്നും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച അനുയോജ്യമാണെന്ന് ഇരു രാഷ്ട്രത്തലവന്മാരും കരുതുന്നപക്ഷം ചര്‍ച്ച ഉണ്ടായേക്കാമെന്നും ക്രെംലിന്‍ വക്താവ് പറഞ്ഞു. ഫ്രഞ്ച് നീക്കത്തെ സ്വാഗതം ചെയ്ത യുക്രൈന്‍ വിദേശകാര്യമന്ത്രി, അതിര്‍ത്തിയില്‍നിന്നു റഷ്യ െസെന്യത്തെ പിന്‍വലിക്കുന്നതില്‍ ഇതു കലാശിക്കുമെന്നു പ്രത്യാശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →