പരിസ്ഥിതിയെ അവസരമാക്കി പള്ളുരുത്തി, ലക്ഷ്യം കൂടുതൽ മികവ്

കൊച്ചി കായലി​ന്റെ ചൂടും ചൂരുമേറ്റാണ് പള്ളുരുത്തിയുടെ വളര്‍ച്ചയും കുതിപ്പുമെല്ലാം. കായലിന്റെ ഒരു വശത്ത് കുമ്പളങ്ങിയും അറബിക്കടലിനോട് ചേർന്ന് ചെല്ലാനവും, മറു വശത്ത് കുമ്പളവുമടങ്ങുന്ന തീരമേഖലയുടെ ഇന്നലെകളെകുറിച്ചും നാളെയുടെ വികസനത്തെക്കുറിച്ചും സംസാരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് ബേബി തമ്പി.

സ്ത്രീ സുരക്ഷ, സ്വയം പര്യാപ്തത

സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തി​ന്റെ പ്രധാന പരിഗണനാ വിഷയം. അതിനായി സ്ത്രീകള്‍ക്ക് സബ്സിഡിയോടു കൂടിയ വായ്പാ സൗകര്യങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കുന്നുണ്ട്. കുടുംബശ്രീയില്‍ അംഗങ്ങളായ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ക്കാണ് ധനസഹായം ലഭ്യമാക്കുന്നത്. നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളില്‍ നിന്നാണ് ഇതിലേക്ക് സന്നദ്ധരായ ആളുകള്‍ കൂടുതലായി എത്തുന്നത്. ഈ വര്‍ഷം അഞ്ച് കൂട്ടായ്മകള്‍ക്ക് ധനസഹായം നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അതില്‍ മൂന്നു കൂട്ടായ്മകള്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു കൂട്ടായ്മകളുടെ അപേക്ഷകള്‍ പരിശോധിച്ചുവരികയാണ്.

ഭിന്നശേഷിക്കാരുടെ ക്ഷേമം

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ഈ സാമ്പത്തിക വര്‍ഷം 12 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതിനു പുറമെ വീല്‍ചെയറുകള്‍, ശ്രവണസഹായികള്‍ തുടങ്ങിയവ വിതരണം ചെയ്യാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് ഉടൻ വിതരണം ചെയ്യും.

ആരോഗ്യരംഗത്തിനുണ്ട് പ്രത്യേക കരുതല്‍

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിനായി 66  ലക്ഷം രൂപയോളമാണ് ഇതുവരെ വിതരണം ചെയ്തത്. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ പ്രധാന ആശ്രയമണ് ഈ ആരോഗ്യ കേന്ദ്രം. ആംബുലൻസ്, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. മുൻ എം.എല്‍.എ ജോൺ ഫെർണാണ്ടസിന്റെ സഹായത്തോടെ 12 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലബോറട്ടറിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഫിസിയോതെറാപ്പി കേന്ദ്രവും ഉടൻ പ്രവര്‍ത്തനം ആരംഭിക്കും. 

കോവിഡ് കാലത്ത് മൂന്നു പഞ്ചായത്തുകളിലേക്കുമായി ആറു ലക്ഷം രൂപ നല്‍കാൻ സാധിച്ചു. കുമ്പളങ്ങി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് 12 ലക്ഷം രൂപ കോവിഡ് കാലത്ത് അനുവദിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലേക്കും പള്‍സ് ഓക്സിമീറ്ററുകള്‍ ലഭ്യമാക്കാനും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചു. 

കോവിഡ് ബാധിതർ, മറ്റ് ചികിത്സയ്ക്കായി എത്തുന്നവർ, വാക്സിനേഷനായി എത്തുന്നവ‍ർ എന്നിങ്ങനെ തമ്മില്‍ സമ്പര്‍ക്കമുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആശുപത്രികളിൽ ഒരുക്കിയിരുന്നു. പ്രത്യേക വാക്സിനേഷൻ ക്യാംപുകള്‍, കോവിഡ് പരിശോധനാ ക്യാംപുകള്‍ തുടങ്ങിയവ അതിനായി സംഘടിപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലും കോവിഡ് കെയര്‍ കേന്ദ്രങ്ങൾ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

 പ്രകൃതി ദുരന്തങ്ങളുണ്ടായ 
സമയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍

അടുത്തിടെ വേലിയേറ്റത്തോടനുബന്ധിച്ച് പ്രദേശത്ത് വെള്ളപ്പൊക്കവും കടലേറ്റവും രൂക്ഷമായിരുന്നു. ആ സമയങ്ങളില്‍ ദുരിതത്തിലായ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ സജ്ജീകരിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സഹായത്തോടെയാണ് ഇവ ക്രമീകരിച്ചത്.

 ഓൺലൈൻ വിദ്യാഭ്യാസം

കോവിഡ് കാലത്ത് ഓണ്‍ലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ മുപ്പതോളം മൊബൈലുകള്‍ വിതരണം ചെയ്തു. ആവശ്യക്കാരായ കുട്ടികള്‍ക്കു വസ്ത്രങ്ങള്‍ ഉള്‍പ്പടെ എത്തിച്ചുനല്‍കാനും ശ്രമിച്ചിരുന്നു. എസ്.സി കുട്ടികൾക്കായി പഠനമുറികൾ അടക്കമുള്ള സംവിധാനങ്ങളും ഗ്രാന്റുകളും നൽകിവരുന്നുണ്ട്. 

 മത്സ്യബന്ധന മേഖല

മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരാണ് പള്ളുരുത്തി ബ്ലോക്ക് പ‍ഞ്ചായത്തിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം 38 വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നല്‍കാൻ ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു. ഈ വർഷം 25 വള്ളങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ബ്ലോക്ക് പ‍ഞ്ചായത്തിലേക്ക് 16 ബയോഫ്ലോക്കുകള്‍ തയ്യാറാക്കുന്നതിനാവശ്യമായ തുക മാറ്റിവച്ചിരുന്നു. ഇതില്‍ അര്‍ഹരായ നാലുപേരെ കൂടി കണ്ടെത്തിയാൽ നൂറു ശതമാനം പദ്ധതി പൂര്‍ത്തിയാവും. അര്‍ഹരായ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പൊക്കാളിക്കൃഷി വ്യാപിപ്പിക്കും

പൊക്കാളികൃഷി വ്യാപിപ്പിക്കുന്നതി​ന്റെ ഭാഗമായി പാടങ്ങളില്‍ ബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. ചെല്ലാനം പഞ്ചായത്തിലേക്ക് കൃഷി ആവശ്യങ്ങൾക്കായി 21 ലക്ഷം രൂപ വിലവരുന്ന ‘പെട്ടിയും പറയും’ മോട്ടോർ അനുവദിച്ചിട്ടുണ്ട്. 

വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ച് 
ടൂറിസം വികസനം

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വൈവിധ്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രവികസനമാണ് ടൂറിസം മേഖലയില്‍ ലക്ഷ്യമിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിടുന്ന തരത്തിലുള്ള പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള മാതൃകകള്‍ പരിശോധിക്കുകയാണ്. സംസ്ഥാനതലത്തില്‍ മൂന്ന് പഞ്ചായത്തുകളിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.   ടൂറിസം മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പ്രാദേശിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും കളിക്കളം

എല്ലാ പഞ്ചായത്തുകളിലും യുവാക്കള്‍ക്കായി പൊതുകളിസ്ഥലം ഒരുക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. കുമ്പളങ്ങി പഞ്ചായത്തില്‍ വൈകാതെ കളിസ്ഥലമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പഞ്ചായത്തുകളില്‍ സ്ഥലപരിമിതിയാണ് പ്രധാന വെല്ലുവിളി. വെല്ലുവിളികളെ മറികടന്ന് മൂന്ന് പഞ്ചായത്തുകളിലും കളിസ്ഥലം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണ്.

മാലിന്യ സംസ്കരണം

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി 10 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായി കുമ്പളങ്ങിയിൽ ആർ.ആർ.എഫ് യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു യന്ത്രം കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

സുരക്ഷിതം, ക്ഷേമം

പി.എം.ഇ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിൽ ഭവനരഹിതർക്ക് വീടുകൾ അനുവദിച്ചു നൽകി. അർഹരായ കൂടുതൽ ആളുകൾക്ക് പദ്ധതിയുടെ ഗുണഫലം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →