മൂന്നാര്‍: പൂപ്പാറ തോണ്ടിമലക്കുസമീപം കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. .2022 ഫെബ്രുവരി 19ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് തേനിയില്‍ നിന്ന് മൂന്നാറിലേക്കു വരികയായിരുന്ന കെ.എസ്ആര്ടിസി ബസിനുനേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഒരു കുട്ടിയാനയും രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് വഴിയിലുണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു.
തൊട്ടുമുന്നിലുളള ആനക്കൂട്ടത്തെ കണ്ട് ഡ്രൈവര്‍ സതീഷ്കുമാര്‍ ബസ് നിര്‍ത്തി. ഉടന്‍ കൊമ്പനാന പാഞ്ഞെത്തി ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തുമ്പിക്കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. ആന തകര്‍ത്ത ചില്ലിന് തൊട്ടുപിന്നിലെ സീറ്റിലാണ് കണ്ടക്ടര്‍ ദേവേന്ദ്രന് ഇരുന്നിരുന്നത് . ആനയുടെ വരവ് കണ്ട് ഇദ്ദേഹം പിന്നിലേക്ക് മാറിയതിനാല്‍ അപകടം ഒഴിവായി ആളുകള്‍ ബഹളം വച്ചതോടെ കാട്ടാനക്കൂട്ടം പിന്‍വാങ്ങുകയും ചെയ്തു. തുടര്‍ന്നാണ് ബസ് യാത്ര പുനരാരംഭിച്ചത്.

