മുംബൈ/ ബെയ്ജിങ്: നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) സെഷന് ഇന്ത്യ ആതിഥ്യം വഹിക്കും. 2023 ലെ സെഷന് മുംബൈയാണു വേദി.ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിനിടെ ചേര്‍ന്ന 139-ാമത് ഐ.ഒ.സി. സെഷനിലാണ് ഈ പ്രഖ്യാപനം. സെഷന് ആതിഥ്യം വഹിക്കാനുള്ള അവകാശം ലഭിച്ചത് ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള വഴിത്തിരിവാണെന്ന് ഐ.ഒ.സി. അംഗം നിത അംബാനി പറഞ്ഞു. 101 വോട്ടിങ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണു തെരഞ്ഞെടുപ്പ് നടന്നത്. മുംബൈക്ക് 99 ശതമാനം വോട്ട് ലഭിച്ചു. മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലായിരിക്കും ഐ.ഒ.സി. സെഷന്.
ഇന്ത്യയില്‍ നിന്ന് ഐ.ഒ.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത നിതാ അംബാനി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ.) പ്രസിഡന്റ് നരീന്ദര്‍ ധ്രുവ് ബത്ര, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘമാണ് ബെയ്ജിങ്ങിലെ ഐ.ഒ.സി. സെഷനില്‍ പങ്കെടുത്തത്.1983 നു ശേഷം ആദ്യമായാണ് ഇന്ത്യ സെഷന് ആതിഥ്യം വഹിക്കുന്നത്. നിര്‍ണായക അവസരത്തിന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയോട് നന്ദി പറയുന്നതായി നിതാ അംബാനി പറഞ്ഞു. ഇന്ത്യയില്‍ നടന്ന 1983 ലെ ഐ.ഒ.സി. സെഷന് ന്യൂഡല്‍ഹിയാണു വേദിയായത്. ഐ.ഒ.സി. മെമ്പര്‍മാരുടെ വാര്‍ഷിക പൊതുയോഗമാണു സെഷന് എന്നറിയപ്പെടുന്നത്. സെഷനിലെ തീരുമാനങ്ങള്‍ അന്തിമമാണ്. വാര്‍ഷികമായി സാധാരണ പൊതുയോഗവും മൂന്നിലൊന്ന് അംഗങ്ങളുടെ അഭ്യര്ഥയില് അസാധാരണ യോഗവും ചേരാറുണ്ട്. വോട്ടവകാശമുള്ള 101 അംഗങ്ങളെയും 45 ഓണററി അംഗങ്ങളെയും കൂടാതെ വോട്ടവകാശമില്ലാത്ത ഒരംഗം കൂടിയുണ്ട്. രാജ്യാന്തര കായിക സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ അല്ലെങ്കില്‍ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരും സെഷനില്‍ പങ്കെടുക്കാറുണ്ട്.

