ജനങ്ങൾക്ക് മുന്നറിയിപ്പുമായി വയനാട് ജില്ലാ വൈദ്യുത അപകട നിവാരണ സമിതി

കൽപ്പറ്റ : വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം മാത്രം വൈദ്യുത അപടകങ്ങളിൽ പെട്ട് ജീവൻ നഷ്ടമായത് 11 പേർക്ക്. .വൈദ്യുത അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ജില്ലാ വൈദ്യുത അപകട നിവാരണ സമിതി. വൈദ്യുത ലൈനുകൾക്ക് സമീപം ഇരുമ്പ് തോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ് തോട്ടിയും ഏണിയും ഉപയോഗിച്ച് തോട്ടങ്ങളിൽ നടക്കുന്ന വിളവെടുപ്പിനിടെയാണ് പല അപകടങ്ങളും ഉണ്ടാകുന്നത്.

അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും അനധികൃതമായി വയറിംഗ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരുമാണ് മരിച്ചത്. വീടുകളിലെ വയറിംഗുകളിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും കഴിഞ്ഞ വർഷം മരിച്ചിട്ടുണ്ട്. ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) സ്ഥാപിക്കുകയായിരുന്നുവെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന അപകട നിവാരണ സമിതി യോഗം ചൂണ്ടിക്കാട്ടുന്നു.

വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് അപകടങ്ങൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം മൂന്ന് പേർക്കാണ് വിളവെടുപ്പ് സമയത്ത് അപകടമുണ്ടായത്. പുരയിടത്തിൽക്കൂടിയോ തോട്ടങ്ങളിലൂടെയോ കടന്നുപോകുന്ന പഴയ ലൈനുകൾ, ഉടമസ്ഥൻ ചെലവ് വഹിക്കുകയാണെങ്കിൽ റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയും. ഇത്തരം പരിഹാരം ചെയ്യാൻ കഴിയാത്ത ലൈനുകളിൽ നിലവിലുളള കമ്പി മാറ്റി ഇൻസുലേറ്റഡായ എ.ബി.സി കണ്ടക്ടറുകൾ സ്ഥാപിച്ചാൽ ഉപഭോക്താവിനും അവരുടെ പുരയിടത്തിൽ പണിയെടുക്കുന്നവർക്കും ജീവഹാനി ഒഴിവാക്കാനാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ വേണ്ടവർക്ക് ടോൾഫ്രീ നമ്പർ ആയ 1912-ൽ വിളിക്കാവുന്നതുമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →