കണ്ണൂർ: അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ അതിദാരിദ്യ നിര്‍ണയ പ്രക്രിയ കാസര്‍കോട് ജില്ലയില്‍ പങ്കാളിത്ത പ്രക്രിയയിലൂടെ പൂര്‍ത്തിയായി. ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നീ നാല് അടിസ്ഥാന ഘടകങ്ങള്‍ പരിഗണിച്ച് ജില്ലയിലെ 38 പഞ്ചായത്തുകളിലെയും 3 മുനിസിപ്പാലിറ്റികളിലെയും 777 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളിലായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം അതിദരിദ്രരായി കണ്ടെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്തു.
ജില്ലയിലെ മൂന്നരലക്ഷം കുടുംബങ്ങളില്‍ നിന്ന് 3532 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരും സാമ്പത്തിക സ്ഥിതി വിവരകണക്കു വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയ്ക്ക് ശേഷം 2930 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതലും (219) വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ (1) ഏറ്റവും കുറവും അതിദരിദ്രരെ കണ്ടെത്തി. അതിദരിദ്രരുടെ പേരുകള്‍ ഗ്രാമ/വാര്‍ഡ് സഭകളില്‍ വായിച്ച് അംഗീകരിക്കുന്നതോട് കൂടി അന്തിമ പട്ടിക തയ്യാറാകും. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജനകീയാസൂത്രണം ഫെസിലിറ്റേറ്റര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതിദരിദ്രരായി കണ്ടെത്തിയവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ സൂക്ഷ്മതല പദ്ധതികള്‍ രൂപീകരിക്കും. പ്രക്രിയയുടെ ഭാഗമായ മൊബൈല്‍ ആപ്ലിക്കേഷന്‍ മലയാളത്തില്‍ മാത്രം ലഭ്യമായിട്ടും നിരവധി ഭാഷാന്യൂനപക്ഷങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ സമയബന്ധിതമായി പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ജില്ലാ അതിദാരിദ്ര്യ സര്‍വ്വെ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ കെ. പ്രദീപന്‍ നന്ദി അറിയിച്ചു.