കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന്, ജിഎച്ച്എസ് കാലിച്ചാനടുക്കം, ജിഎച്ച്എസ് ബളാല്‍, ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിഎച്ച്എസ് അംഗഡിമൊഗര്‍, ജിഎച്ച്എസ് ബാരെ, ജിജെബിഎസ് പേരാല്‍, ജിഎല്‍പിഎസ് മുക്കൂട് എന്നീ 8 സ്‌കൂളുകള്‍ക്കാണ് കെട്ടിട നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചത്.
പനത്തടി പഞ്ചായത്തിലെ ജിഎച്ച്എസ് ചാമുണ്ഡിക്കുന്ന് സ്‌കൂളില്‍ 5 ക്ലാസ് റൂമുകളോടുകൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 2.10 കോടി രൂപ വകയിരുത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ മേല്‍ പദ്ധതിയില്‍ ഇരുനിലകെട്ടിടത്തില്‍ 5 ക്ലാസ്മുറികളോടൊപ്പം ലാബും ടോയ്‌ലറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.6 കോടി രൂപ അടങ്കലില്‍ കോടോംബേളൂര്‍ പഞ്ചായത്തിലെ ജിഎച്ച്എസ് കാലിച്ചാനടുക്കം സ്‌കൂളില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് റൂമുകള്‍ ഉളള ഇരുനില കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചു.
ജിഎച്ച്എസ് ബളാല്‍ സ്‌കൂളിന് 6 ക്ലാസ് മുറികളോടും ടോയ്‌ലറ്റുകളോടും കൂടിയ ഇരുനില കെട്ടിട നിര്‍മ്മാണത്തിന് 1.63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതി ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും. അജാനൂര്‍ പഞ്ചായത്തിലെ ജിഎല്‍പിഎസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ജിഎച്ച്എസ്എസ് ചാമുണ്ഡിക്കുന്ന്, ജിഎച്ച്എസ് കാലിച്ചാനടുക്കം, ജിഎച്ച്എസ് ബളാല്‍, ജിഎല്‍പിഎസ് മുക്കൂട് എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിവേദനം നല്‍കിയിരുന്നു.
1.65 കോടി രൂപ അടങ്കലില്‍ ചെമ്മനാട് പഞ്ചായത്തിലെ ജിഎച്ച്എസ്എസ് ചന്ദ്രഗിരി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന 6 ക്ലാസ് റൂമുകള്‍ ഉളള ഇരുനില കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചു. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഉദുമ പഞ്ചായത്തിലെ ജിഎച്ച്എസ് ബാരെ സ്‌കൂളിന് 6 ക്ലാസ് മുറികളോട് കൂടിയ കെട്ടിടത്തിന് 86 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി. തദ്ദേശസ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം നിര്‍മ്മിക്കുന്ന കെട്ടിട നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ജിഎച്ച്എസ് ബാരെ എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിട നിര്‍മ്മാണം സാധ്യമാക്കാന്‍ സി.എച്ച് കുഞ്ഞമ്പു എംഎല്‍എ നിവേദനം നല്‍കിയിരുന്നു.
പുത്തിഗെ പഞ്ചായത്തിലെ ജിഎച്ച്എസ് അംഗഡിമൊഗര്‍ സ്‌കൂളിന് 10 ക്ലാസ് മുറികളോട് കൂടിയ 3 നില കെട്ടിടത്തിന് 1.98 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി. പദ്ധതി ഒന്നര വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും. എല്‍എസ്ജിഡി വിഭാഗം നിര്‍മ്മിക്കുന്ന കുമ്പള പഞ്ചായത്തിലെ ജിജെബിഎസ് പേരാല്‍ സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 94 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ 5 ക്ലാസ് മുറികളാണ് നിര്‍മ്മിക്കുന്നത്. ജിഎച്ച്എസ് അംഗഡിമൊഗര്‍, ജിജെബിഎസ് പേരാല്‍ എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിട നിര്‍മ്മാണം സാധ്യമാക്കാന്‍ എ കെ എം അഷ്‌റഫ് എംഎല്‍എ നിവേദനം നല്‍കിയിരുന്നു.
മേല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ നിലവില്‍ ഉളളതിനാലാണ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിനായുളള അനുമതി നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. പ്രവൃത്തി ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന്് കാസറഗോഡ് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അറിയിച്ചു.