തലയോലപ്പറമ്പ്: റെയിൽവേ ലൈനിൽ തടിക്കഷണങ്ങളും കോൺക്രീറ്റ് സ്ലാബും നിരത്തി ട്രെയിൻ അട്ടിമറി ശ്രമം. ഇരു ട്രാക്കുകളിലൂടെ പോയ രണ്ട് ട്രെയിനുകൾ മുക്കാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ ഇവയിലൂടെ കയറിയിറങ്ങിയെയെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈക്കം റോഡ്–പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ പൊതി മേൽപാലത്തിനു സമീപമാണ് സംഭവം. എറണാകുളം ലൈനിൽ തടിയും കോട്ടയം–എറണാകുളം ലൈനിൽ കോൺക്രീറ്റ് സ്ലാബുമാണ് നിരത്തിയത്. 2022 ഫെബ്രുവരി 4 വെള്ളിയാഴ്ച രാത്രി 11.45നു എറണാകുളം–കോട്ടയം ലൈനിലൂടെ എത്തിയ 16333 വെരാവൽ– തിരുവനന്തപുരം എക്സ്പ്രസാണ് തടിക്കഷണത്തിൽ ആദ്യം കയറിയത് .കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ഓപ്പറേഷനൽ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഈ ലൈനിലെ ഗതാഗതം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെ പുലർച്ചെ 12.30ന് കോട്ടയം–എറണാകു പാളത്തിൽ അട്ടിമറി ശ്രമം. ലൈനിലൂടെ എത്തിയ 16347 തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് കോൺക്രീറ്റ് സ്ലാബിനു മുകളിലൂടെ കയറിയിറങ്ങി. അസാധാരണ കുലുക്കം ശ്രദ്ധയിൽപെട്ട ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിവരം കൺട്രോൾ റൂമിൽ അറിയിച്ചു.
തുടർന്ന് റെയിൽവേ പൊലീസും തലയോലപ്പറമ്പ് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച നായ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് 200 മീറ്റർ ദൂരം ഓടി നിന്നു. പാളത്തിൽ കണ്ടെത്തിയ തടികളിൽ ഒന്ന് സമീപത്ത് ഷട്ടിൽ ബാഡ്മിന്റൻ കളിക്കാൻ നെറ്റ് കെട്ടാൻ സ്ഥാപിച്ച തൂണും, മറ്റൊന്ന് സമീപത്തെസമീപത്തെ ആലയിൽ നിന്ന് എടുത്തു കൊണ്ടുവന്നതാണെന്നും തിരിച്ചറിഞ്ഞു. കോൺക്രീറ്റ് പാളിയുടെ കണ്ടെത്താനായില്ല.
പ്രദേശത്ത് പതിവായി ഷട്ടിൽ കളിക്കാൻ എത്തുന്ന രണ്ടു കൂട്ടർ തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് തർക്കം നടന്നിരുന്നതായി പറയുന്നു. ഇതിന്റെ ഭാഗമാണോ അട്ടിമറി ശ്രമം എന്നും അന്വേഷിക്കുന്നുണ്ട്. റെയിൽവേ പൊലീസ് എറണാകുളം എസിപി ടി.എസ്. ഗോപകുമാർ, ആർപിഎഫ് സിഐ ടി.ആർ.അനീഷ്, എസ്ഐ ജിബിൻ, വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, തലയോലപ്പറമ്പ് എസ്ഐ വി.വിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

