കോട്ടയം: സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിംങ് പരിശോധിക്കാൻ ബി.ഐ.എസ് കെയർ ആപ്പ് ബി.ഐ.എസ്.: ഏകദിന ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി ചിഹ്നം, ഹാൾമാർക്കിംഗ് യുണീക്ക് ഐഡി (എച്ച്.യു.ഐ.ഡി) എന്നിവ ഉൾപ്പെടുന്ന മൂന്നു മാർക്കുള്ള പുതിയ ഹാൾമാർക്കിംഗ് ഉറപ്പുവരുത്താൻ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്. ബി.ഐ.എസ് കെയർ എന്ന മൊബൈൽ ആപ്പിന് വിവിധ സർക്കാർ വകുപ്പുകൾ മുഖേന വ്യാപക പ്രചരണം നൽകേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്  കൊച്ചി ബ്രാഞ്ച് ഓഫീസ് മേധാവി പി. രാജീവ് പറഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആപ്പ് ഉപയോഗിച്ച്  ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന എച്ച്.യു.ഐ.ഡിയുടെ ആധികാരികത പരിശോധിക്കാനാകും. ജ്വല്ലറി മേഖലയിലെ  വഞ്ചനാപരമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആൻഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ബി.ഐ.എസ്. കെയർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർവഴി ഡൗൺലോഡ് ചെയ്യാം. എണ്ണൂറിലധികം ഉൽപ്പന്ന സർട്ടിഫിക്കേഷനും ലൈസൻസുകളും അയ്യായിരത്തിലധികം ഹാൾമാർക്കിംഗ് രജിസ്ട്രേഷനുകളും ബി.ഐ.എസ്. വഴി നടന്നുവരുന്നുണ്ട്.

ബി.ഐ.എസിന്റെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ പട്ടിക  https://www.bis.gov.in/index.php/products-under-compulosry-certification/ ലഭ്യമാണ്. ബിഐഎസിൽ നിന്നുള്ള സാധുവായ ലൈസൻസില്ലാതെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിലുള്ള ഉത്പന്നങ്ങൾ പൊതുവിപണിയിൽ വരുന്നത് പൊതുജനങ്ങളും നിർമാതാക്കളും ശ്രദ്ധിക്കണം. അത്തരം ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികളെക്കുറിച്ചുള്ള വിവരങ്ങൾ  kobo@bis.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 0482-22071714, 2207175 എന്ന നമ്പരുകളിലോ അറിയിക്കണം. ഓൺലൈൻ മുഖേന നടത്തിയ ശില്പശാല എ.ഡി.എം. ജിനു പൂന്നൂസ് ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി കോട്ടയം ഡപ്യൂട്ടി കൺട്രോളർ ഇ.പി. അനിൽകുമാർ ആമുഖം അവതരിപ്പിച്ചു.  ബി.ഐ.എസ്. സർട്ടിഫിക്കേഷൻ ഹാൾമാർക്കിംങ്, അനുബന്ധ ലോബോറട്ടറി ടെസ്റ്റിംങ്, ഉപഭോക്തൃ സംരക്ഷണം, ഗുണനിലവാര നിർണയപ്രക്രിയ സംബന്ധിച്ച് സയന്റിസ്റ്റുകളായ  എസ്. റിനോ ജോൺ, ജെ. ശ്രീജിത്ത് മോഹൻ എന്നിവർ ക്ലാസെടുത്തു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →